മ്യൂണിക്കിലെ അലയൻസ് അരീന സ്റ്റേഡിയത്തിൽ പാരീസ് സെന്റ് ജെർമ്മയ്ന്റെ പഞ്ചാമൃതമധുരം നിറഞ്ഞ കിരീടവിജയത്തോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫ്രഞ്ച് ആരാധകർ നിറഞ്ഞിരുന്ന ഗാലറിയുടെ മുകൾനിരയിൽ നിന്ന് താഴേക്കൊരു വലിയ ഫ്ളക്സ് വിടർന്നു വന്നു. മൈതാനമദ്ധ്യത്ത് പാരീസ് എസ്.ജിയുടെ വിജയപതാക നാട്ടുന്ന ക്ളബിന്റെ പരിശീലകൻ ലൂയിസ് എൻറിക്വേയുടേയും അദ്ദേഹത്തിന്റെ അടുത്ത് പാരീസ് എസ്.ജിയുടെ എട്ടാംനമ്പർ കുപ്പായത്തിൽ നിൽക്കുന്ന മകൾ സാനയുടെയും ചിത്രീകരണമായിരുന്നു അത്. ആറുവർഷം മുമ്പ് ഈ ഭൂമിയിൽ നിന്ന് മറഞ്ഞുപോയ ഒരു ഒൻപത് വയസുകാരിയുടെ ഓർമ്മകൾ ആ വലിയ മൈതാനത്തെ മാത്രമല്ല ഫുട്ബാൾ ലോകത്തെയാകെ സാന്ദ്രമാക്കിയ നിമിഷം!.
ലൂയിസ് എൻറിക്വേയുടെയും പാരീസ് എസ്.ജി ക്ളബിന്റേയും മാത്രമല്ല സ്പാനിഷ് ക്ളബ് ബാഴ്സലോണയുടെയും ആരാധകരുടെ ഹൃദയത്തിൽ നീറുന്ന ഒരു വേദനയാണ് എൻറിക്വെയും സാനയും ആ പതാക നാട്ടലും. തങ്ങളുടെ നാട്ടിൽ നടന്ന മുഹൂർത്തത്തിന്റെ ഓർമ്മപ്പെടുത്തലെന്ന നിലയിൽ ജർമ്മൻകാരുടെ മനസിലും അത് വേദനയാകുന്നു.
2015ൽ ജർമ്മനിയിലെ ബർലിനിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ളബ് യുവന്റസിനെ കീഴടക്കിയ ബാഴ്സലോണയുടെ കോച്ചായിരുന്നു എൻറിക്വെ. കിരീടവിജയാഘോഷങ്ങൾക്കിടെ അന്ന് അഞ്ചുവയസുണ്ടായിരുന്ന ഇളയ മകൾ സാന മാർട്ടിനസ് ബാഴ്സലോണയുടെ പതാകയുമായി എൻറിക്വെയ്ക്ക് ഒപ്പം കൂടി. അവളുടെ കയ്യിലിരുന്ന പതാക ഒളിമ്പിക് സ്റ്റേഡിയത്തിന്റെ മദ്ധ്യത്ത് എൻറിക്വെ കുത്തിവച്ചപ്പോൾ അവൾ ആഹ്ളാദിച്ച് കയ്യടിച്ചു.
ആ ഓർമ്മകളാണ് കഴിഞ്ഞരാത്രി മ്യൂണിക്കിൽ പുനരാവിഷ്കരിക്കപ്പെട്ടത്. എൻറിക്വെയുടെ മൂന്ന് മക്കളിൽ ഇളയവളായ സാന 2019ൽ രക്താർബുദം ബാധിച്ച് മരണപ്പെട്ടിരുന്നു. അന്ന് സ്പാനിഷ് ദേശീയ ടീമിന്റെ കോച്ചായിരുന്ന എൻറിക്വെ മകളുടെ രോഗം തിരിച്ചറിഞ്ഞ് ജോലി ഉപേക്ഷിച്ച് ആശുപത്രിയിൽ കൂട്ടിരുന്നെങ്കിലും അഞ്ചുമാസത്തെ ചികിത്സയ്ക്കൊടുവിൽ അവൾ പോയി; എൻറിക്വെയ്ക്ക് ഇനിയും കര കയറാനാകാത്ത സങ്കടക്കടൽ സമ്മാനിച്ച്...
മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ജർമ്മൻ മണ്ണിലേക്ക് വന്നപ്പോൾ എൻറിക്വെ ഓർത്തത് മകളെക്കുറിച്ചാണ്. ആ ഓർമ്മകൾ മത്സരത്തിന് മുമ്പ് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതോടെയാണ് കിരീടം നേടുകയാണെങ്കിൽ സനായുമായുള്ള വിജയമുഹൂർത്തം പുനരാവിഷ്കരിക്കാൻ പാരീസ് എസ്.ജി ആരാധകർ തീരുമാനിച്ചത്. താനും മകളും ചേർന്ന് പാരീസിന്റെ പതാക കുത്തിനിറുത്തുന്ന ചിത്രം പതിപ്പിച്ച ഉടുപ്പണിഞ്ഞാണ് കിരീടവിജയം ആഘോഷിക്കാൻ എൻറിക്വെ ഗ്രൗണ്ടിലിറങ്ങിയത്.
ശരീരം കൊണ്ടല്ലെങ്കിലും എന്റെ മകൾ ഒരദൃശ്യ സാന്നിദ്ധ്യമായി എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. അവൾക്കായി ഇവിടെ കിരീടം നേടണമെന്ന് ആഗ്രഹിച്ചിരുന്നു.പാരീസിലെ ആരാധകർ അവളെ ഓർത്തതിൽ അഭിമാനവും സന്തോഷവുമുണ്ട്.
- ലൂയിസ് എൻറിക്വെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |