ഇൻഡോർ: കഴിഞ്ഞ മാസം രാജ്യം ഏറെ ചർച്ച ചെയ്ത് ഹണിമൂൺ കൊലപാതകം സിനിമയാവുന്നു. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ വ്യവസായി രാജ രഘുവംശിയെയാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. രാജ രഘുവംശിയുടെ കുടുംബം ഈ കഥ സിനിമയാക്കാൻ അനുമതി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എസ് പി നിംബാവത് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന് താൽക്കാലികമായി 'ഹണിമൂൺ ഇൻ ഷില്ലോംഗ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. രാജ രഘുവംശിയെ ഭാര്യ സോനവും കാമുകനായ രാജ് കുശ്‌വാഹവും ചേർന്നാണ് കൊലപ്പെടുത്തിയത്. കൊലപാതകം സംബന്ധിച്ച സിനിമയ്ക്ക് ഞങ്ങൾ സമ്മതം നൽകിയതായി രാജ രഘുവംശിയുടെ സഹോദരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'എന്റെ സഹോദരന്റെ കൊലപാതകത്തിന്റെ കഥ വലിയ സ്ക്രീനിൽ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് സമ്മതമാണ്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇത് ആളുകളെ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എല്ലാവരും മനസിലാക്കണം'- രാജ രഘുവംശിയുടെ മൂത്ത സഹോദരൻ സച്ചിൻ പറഞ്ഞു. ഇത്തരം വഞ്ചനകൾ അവസാനിപ്പിക്കാനുള്ള സന്ദേശം ഈ സിനിമയിലൂടെ നൽകാൻ ആഗ്രഹിക്കുന്നതായി സംവിധായകൻ നിംബാവത് പറഞ്ഞു. തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണത്തിന്റെ 80 ശതമാനം ഇൻഡോറിലും ബാക്കി 20 ശതമാനം മേഘാലയയിലെ വിവിധ സ്ഥലങ്ങളിലുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡോറിൽ നിന്നുള്ള 24കാരിയായ സോനവും 29കാരനായ രാജയും മേയ് 11 നാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം രാജയും സോനവും ഹണിമൂണിനായി മേഘാലയയിലേക്ക് പോയി. മേയ് 23ന് നോംഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ജൂൺ രണ്ടിന് രാജയുടെ മൃതദേഹം 20 കിലോമീറ്റർ അകലെയുള്ള കൊക്കയിൽ നിന്ന് കണ്ടെത്തി. സോനത്തെ കണ്ടെത്തിയിരുന്നില്ല. അക്രമികൾ സോനത്തെയും ആക്രമിച്ചെന്നായിരുന്നു തുടക്കത്തിൽ പൊലീസ് കരുതിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാസിപൂരിലെ ഒരു ധാബയിൽ നിന്ന് അവശനിലയിൽ സോനത്തെ കണ്ടെത്തുകയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയത് താനണെന്ന് പിന്നാലെ സോനം രഘുവംശി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |