ബാത്തുമിയിൽ നടന്ന ചെസ് ലോകകപ്പിലെ വിവിധ കാറ്റഗറികളിൽ
ദിവിമുതൽ ദിവ്യ വരെ ജേതാക്കളായത് നാല് ഇന്ത്യൻ താരങ്ങൾ
ജോർജിയയിലെ ബാത്തുമിയിൽ നടന്ന വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ് കിരീടമുയർത്തും മുന്നേ ഈമാസം തന്നെ ഇന്ത്യയ്ക്ക് മൂന്ന് ലോകകപ്പ് ജേതാക്കളെക്കൂടി ലഭിച്ചിരുന്നു. ഇതിൽ ഒരാൾ മലയാളിയായ ഒൻപതുവയസുകാരി ദിവി ബിജേഷായിരുന്നു.
ബാത്തുമിയിൽ ഈ മാസം ആദ്യവാരം അവസാനിച്ച അണ്ടർ 8,10,12 വയസ് കാറ്റഗറികളിലാണ് ഇന്ത്യൻ താരങ്ങൾ കരുത്തുതെളിയിച്ചത്. അണ്ടർ 10 പെൺകുട്ടികളുടെ വിഭാഗത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ദിവി ജേതാവായത്. ഈയിനത്തിൽ ഇന്ത്യയിൽ നിന്നുള്ള ശ്രാവണിക രണ്ടാം സ്ഥാനക്കാരിയായി.
രണ്ട് ഘട്ടങ്ങളിലായി ഒൻപത് റൗണ്ടുകൾ നീണ്ട പോരാട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ദിവി ചാമ്പ്യനായത്. എട്ടുമത്സരങ്ങളിൽ ജയിക്കുകയും ഒരു സമനില വഴങ്ങുകയും ചെയ്ത ഈ കൊച്ചുമിടുക്കി 8.5 പോയിന്റ് നേടിയാണ് ഒന്നാമതായത്. കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥിനിയും ബിജേഷിന്റെയും പ്രഭയുടെയും മകളുമാണ് ദിവി. തായ്‌ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി ബിജേഷ് സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായിരുന്നു.റാപ്പിഡ് വിഭാഗത്തിലെ വ്യക്തിഗത വെങ്കലമെഡലും ദിവിക്ക് ലഭിച്ചു. ഇതോടെ ഫിഡേ റേറ്റിംഗിൽ 1800 പോയിന്റ് പിന്നിടുകയും കാൻഡിഡേറ്റ്സ് മാസ്റ്റർ നോം ലഭിക്കുകയും ചെയ്തതോടെ ഡബ്ളിയു.സി.എം ആവുകയും ചെയ്തു.
അണ്ടർ 12 പെൺകുട്ടികളിൽ ഇന്ത്യയിൽ നിന്നുതന്നെയുള്ള പ്രതീതി ബർദലോയ്‌യാണ് ജേതാവായത്. കർണാടകയിൽ നിന്നാണ് പ്രതീതിയുടെ വരവ്. ഈയിനത്തിൽ രണ്ടാം സ്ഥാനവും ഇന്ത്യക്കാരിക്ക് തന്നെ. അണ്ടർ 10 ഓപ്പൺവിഭാഗത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങളും നേടിയത് ഇന്ത്യൻ കുരുന്നുകളാണ്. സർബതോ മണി ചാമ്പ്യനായപ്പോൾ ഒയ്ഷിക് മൊണ്ടാൽ രണ്ടാം സ്ഥാനവും ആരിത് കപിൽ മൂന്നാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |