ഇന്ത്യ -ഇംഗ്ലണ്ട് 5-ാം ടെസ്‌റ്റ് നാളെ മുതൽ
ഓവൽ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിർണായകമായ അഞ്ചാം ടെസ്‌റ്റിന് നാളെ കെന്നിംഗ്‌ടണിലെ ഓവൽ സ്റ്റേഡിയത്തിൽ തുടക്കമാകും. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഓവലിൽ തോൽക്കാതിരുന്നാൽ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ഇന്ത്യയ്‌ക്ക് ജയിച്ചാൽ മാത്രമേ പരമ്പര സമനിലയിൽ ആക്കാനാകൂ. മാഞ്ചസ്റ്റർ വേദിയായ നാലാം ടെസ്റ്റിൽ വിജയത്തിന് തുല്യമായ സമനില സ്വന്തമാക്കിയതിന്റെ ആത്‌മ വിശ്വാസത്തിലാണ് ഇന്ത്യൻ ടീം ജിവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. മറുവശത്ത് സമനില പോലും പരമ്പരനേട്ടം സമ്മാനിക്കുമെന്നതിനാൽ ഇന്ത്യയോളം സമ്മർദ്ദം ഇംഗ്ലണ്ടിനില്ലെന്നാണ് വിലയിരുത്തലെങ്കിലും നാലാം ടെസ്റ്റിൽ ജയമുറപ്പിച്ചിടത്തു നിന്ന് സമനില വഴങ്ങേണ്ടി വന്നതും ഹസ്‌തദാന വിവാദവുമൊക്കെ ആതിഥേയരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
ഓവലിലെ ക്യൂറേറ്ററോട് ഉടക്കി ഗംഭീർ
ഇന്നലെ അഞ്ചാം ടെസ്റ്റിന്റെ വേദിയായ ഓവലിൽ ക്യറേറ്റർ ലീ ഫോർട്ടിസും ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും തമ്മിൽ വാക്‌പോരുണ്ടായിരുന്നു. മാഞ്ചസ്‌റ്ററിൽ നിന്ന് തിങ്കളാഴ്‌ച കെന്നിംഗ്‌ടണിൽ എത്തിയ ഇന്ത്യൻ ടീം ഇന്നലെ ആദ്യമായി ഓവലിൽ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു ഉടക്ക്. എന്താണ് ചെയ്യേണ്ടതെന്ന് നീ ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും നിങ്ങളൊരു ഗ്രൗണ്ട്‌സ്‌മാൻ മാത്രമാണെന്നും ഗംഭീർ കൈ ചൂണ്ടി ലീ ഫോർട്ടിസിനോട് ആക്രോശിച്ചു. ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാൻഷു കോട്ടക്ക് ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഗംഭീറിനെ അനുനയിപ്പിച്ചത്. വാക്കുതർക്കത്തിനിടെ പരാതി നൽകുമെന്ന് ഫോർട്ടിസ് പറഞ്ഞത് ഗംഭീറിനെ ചൊടിപ്പിച്ചു. നിങ്ങൾ ഇഷ്‌ടമുള്ളിടത്ത് പോയി പരാതി നൽകാനാണ് ഗംഭീർ ഇതിന് മറുപടി പറഞ്ഞത്.
മത്സരത്തിനായി ഒരുക്കിയിരിക്കുന്ന പിച്ച് പരിശോധിക്കാൻ ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫ് പോയത് ഗ്രൗണ്ട്‌സ്‌മാൻമാർ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പിച്ചിനരികിലേക്ക് വരരുതെന്നും 2.5 മീറ്റർ അകലെ മാറി നിൽക്കണമെന്നും ഗ്രൗണ്ട്‌സ്‌മാൻമാർ ആവശ്യപ്പെട്ടെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്ക് പറഞ്ഞു. തങ്ങൾ റബർ സ്പൈക്കാണ് കാലിൽ ധരിച്ചിരുന്നത്. ഇത് പിച്ചിന് ഒരു കേടും ഉണ്ടാക്കില്ല. ഗ്രൗണ്ടിനൊരു കേടുപാടും വന്നില്ല. ഇതൊരു ക്രിക്കറ്റ് പിച്ചാണ്. അല്ലാതെ പുരാവസ്തുവല്ല- കോട്ടക്ക് പറഞ്ഞു.
അതേസമയം ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കുല്ലവും ഫോർട്ടിസും ഓവലിലെ പിച്ചിൽ നിന്ന് സംസാരിക്കുന്നുവന്ന് അവകാശപ്പെടുന്ന തരത്തിലുള്ള ചിത്രം ഇന്നലെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.
പരമ്പരയിലെ ചൂടിറേയ സഹചര്യങ്ങൾ അവസാനിക്കുന്നില്ലന്ന സൂചനയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. നേരത്തേ ലോഡ്‌സിൽ വച്ച് ഇംഗ്ലീഷ് ഓപ്പണർ സാക് ക്രോളിയോട് ഇന്ത്യൻ ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ ഉടക്കിയിരുന്നു. മാഞ്ചസ്റ്ററിൽ സമനിലയ്‌ക്ക് കൈകൊടുക്കാനെത്തിയ ഇംഗ്ലണ്ട് ക്യാപ്ടൻ ബെൻ സ്‌റ്റോക്സിന്റെ ആവശ്യം നിരസിച്ച് രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും ബാറ്റിംഗ് തുടർന്ന് സെഞ്ച്വറി നേടിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അർഷ്‌ദീപ് അരങ്ങേറിയേക്കും
പരിക്ക് മാറിയ പേസർ അർഷ്‌ദീപ് സിംഗിന് ഓവലിൽ ടെസ്‌റ്റ് അരങ്ങേറ്റത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ടെസ്‌റ്റുകളിലും അർഷ്‌ദീപിനെ കളിപ്പിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് താത്പര്യമുണ്ടായിരുന്നെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യ @ ഓവൽ
2- ഓവറലിൽ കളിച്ച 17 ടെസ്‌റ്റുകളിൽ ഇന്ത്യയ്‌ക്ക് ജയിക്കാനായത് 2 എണ്ണത്തിൽ മാത്രമാണ്. 6 മത്സരങ്ങളിൽ തോറ്റു. 9 എണ്ണം സമനിലയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |