മുംബയ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം പൃഥ്വി ഷാ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കും. കഴിഞ്ഞ സീസൺ വരെ മുംബയ് ടീമംഗമായിരുന്ന പൃഥ്വി ഫോം വീണ്ടെടുക്കാനായി ഇത്തവണ ടീം മാറാൻ തീരുമാനിക്കുകയായിരു ന്നു. 25കാരനായ പൃഥ്വി ഫോമില്ലായ്മയും മോശം ശീലങ്ങളും അടിപിടികളും കൊണ്ട് കുറച്ചുനാളായി വിവാദത്തിലായിരുന്നു.
2018ൽ വെസ്റ്റ് ഇൻഡീസിനെതിരെ രാജ്കോട്ടിൽ 18-ാം വയസിൽ സെഞ്ച്വറി നേടിയാണ് പൃഥ്വി ടെസ്റ്റ് കരിയർ ആരംഭിച്ചത്. എന്നാൽ ആകെ അഞ്ചുടെസ്റ്റുകൾ മാത്രമാണ് കളിക്കാൻ കഴിഞ്ഞത്. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറികളും ഉൾപ്പടെ 339 റൺസ് സമ്പാദ്യം. 2020ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ മെൽബൺ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഡക്കാവുകയും രണ്ടാം ഇന്നിംഗ്സിൽ നാലുറൺസിന് പുറത്താവുകയും ചെയ്തതോടെ ടെസ്റ്റ് കരിയർ അവസാനിച്ചു. പരിക്കും ഒരു ഘടകമായി. ആറ് ഏകദിനങ്ങളിലും ഒരു ട്വന്റി-20യിലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുണ്ട്. 2021 ജൂലായ് 25ന് ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20യിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് നേരിട്ട ആദ്യ പന്തിൽ ഡക്കായി.
ആഭ്യന്തര ക്രിക്കറ്റിൽ മുംബയ്‌ക്ക് വേണ്ടി കഴിഞ്ഞവർഷത്തെ സെയ്ദ് മുഷ്താഖ് ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ഐ.പി.എല്ലിൽ ഡൽഹിക്ക് വേണ്ടി 79 മത്സരങ്ങളിൽ നിന്ന് 14 അർദ്ധസെഞ്ച്വറികളടക്കം147.46 സ്ട്രൈക്ക് റേറ്റിൽ 1892 റൺസ് നേടിയിട്ടുള്ള ഷായെ കഴിഞ്ഞ താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കാൻ തയ്യാറായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |