ബുലവായോ : ടെസ്റ്റ് ക്യാപ്ടനായുള്ള അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മുൾഡർ. സിംബാബ്‌വേയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 367 റൺസടിച്ച് പുറത്താകാതെ നിൽക്കുകയായിരുന്നു മുൾഡർ. മത്സരത്തിന്റെ രണ്ടാം ദിവസം ലഞ്ചിന് 626/5 എന്ന സ്കോറിൽ ദക്ഷിണാഫ്രിക്ക ഡിക്ളയർ ചെയ്തില്ലായിരുന്നെങ്കിൽ മുൾഡർക്ക് 400 അടിക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ മുൾഡർ തന്നെ ഡിക്ളറേഷൻ നടത്തുകയായിരുന്നു. 334 പന്തുകൾ നേരിട്ട മുൾഡർ 49 ഫോറുകളും നാലുസിക്സുകളും അടക്കമാണ് 367 റൺസിലെത്തിയത്. ഡേവിഡ് ബേഡിംഗ്ഹാം (82), (78) ൽഹുവാൻ ഡിപ്രിട്ടോറിയസ് എന്നിവർ മുൾഡർക്ക് പിന്തുണ നൽകി.
മറുപടിക്കിറങ്ങിയ സിംബാബ്‌വെയ്ക്ക് ചായസമയത്തിനുള്ളിൽ 88 റൺസ് നേടുന്നതിനിടെ ആറുവിക്കറ്റുകൾ നഷ്ടമായി. കോഡി യൂസഫും മുൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ പരിക്കേറ്റ ടെംപ ബൗമയ്ക്ക് പകരമാണ് മുൾഡർ സിംബാബ്‌വേ പര്യടനത്തിൽ ടെസ്റ്റ് ക്യാപ്ടൻസി ഏറ്റെടുത്തത്. ടെസ്റ്റിൽ ട്രിപ്പിളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനും ഏറ്റവും വേഗതേയറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ച്വറിക്കുടമയും മുൾഡറാണ്. 297 പന്തിലാണ് മുൾഡർ ട്രിപ്പിൾ തികച്ചത്. ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ക്യാപ്ടനും മുൾഡറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |