കെ.സി.എൽ ടീം ഉടമകളെ കോർത്തിണക്കുന്നത് ക്രിക്കറ്റിനോടുള്ള ഇഷ്‌ടം
തിരുവനന്തപുരം : കെ.സി.എല്ലിന്റെ ആദ്യ സീസണിൽ ടീമുകളെസ്വന്തമാക്കാനായി പലരും രംഗത്തെത്തിയിരുന്നെങ്കിലും ആറ് ടീമുകളുടേയും ഉടമകളായി മാറിയത് ക്രിക്കറ്റിനോട് അത്രമേൽ ഇഷ്ടമുള്ളവർ. ചെറുപ്പം മുതലേ ക്രിക്കറ്റ് കളിച്ചവരും ഇന്നും ഈ ഗെയിമിനെ നെഞ്ചിലേറ്റി നടക്കുന്നവരുമാണ് വെറുമൊരു ബിസിനസ് എന്നതിലുപരി കെ.സി.എല്ലിനെ സമീപിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഓർമ്മകൾ ഇപ്പോഴും ഇവർക്കൊപ്പമുണ്ട്.
ട്രിവാൻഡ്രം റോയൽസിന്റെ ഉടമകളിലൊരാളായ സംവിധായകൻ പ്രിയദർശന്റെ പാതിയടഞ്ഞ വലംകണ്ണിന് പറയാനുള്ളത് ക്രിക്കറ്റുമായി ബന്ധപ്പെട്ട വേദനിപ്പിക്കുന്ന ഒരോർമ്മയാണ്. 41 വർഷം മുമ്പ് കോളേജ് ഡിവിഷൻ മത്സരത്തിനിടെ ഹനീഫ് മുഹമ്മദ് എന്ന പേസറുടെ ഏറുകൊണ്ടാണ് പ്രിയന്റെ കണ്ണിന്റെ കാഴ്ചപോയത്. എന്നിട്ടും പ്രിയൻ ക്രിക്കറ്റിനോടുള്ള പ്രിയം വിട്ടില്ല. റോയൽസിന്റെ സഹഉടമയായ ചലച്ചിത്രതാരം കീർത്തി സുരേഷ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വനിതാ ക്രിക്കറ്റ് അംബാസഡറാണ്.
പ്രിയന് കണ്ണാണെങ്കിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ടീമുടമ സോഹൻ റോയ്‌ക്ക് കളിക്കാലത്ത് പല്ലാണ് നഷ്ടമായത്. പുനലൂർ എസ്.എൻ കോളേജിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. ഇതോടെ കളിനിറുത്തേണ്ടിവന്നെങ്കിലും കളിയോടുള്ള ഇഷ്ടം കുറഞ്ഞില്ല. ടീം സി.ഇ.ഒ പ്രഭിരാജിനെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നതും പന്തെറിയാൻ പഠിപ്പിച്ചതും സോഹൻ റോയ് തന്നെ. തങ്ങളുടെ സ്ഥാപനമായ ഏരീസിൽ ക്രിക്കറ്റ് കളിക്കുന്നവർക്ക് ജോലികൊടുക്കാനാണ് ഇവർക്ക് താത്പര്യം. ക്രിക്കറ്റ് കളിക്കുമെങ്കിൽ പ്രത്യേകിച്ച് ക്യാപ്ടനാണെങ്കിൽ ജോലി ഉറപ്പ്. ജോലിയിൽ തിളങ്ങാനുള്ള നേതൃത്വശേഷിയും സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും ക്രിക്കറ്റിൽ നിന്ന് ലഭിക്കുമെന്ന് പ്രഭിരാജ് പറയുന്നു. ഏരീസിൽ ഒരു മികച്ച ക്രിക്കറ്റ് ടീമിനെ രൂപീകരിച്ചെന്നുമാത്രമല്ല ജീവനക്കാർക്ക് വേണ്ടി ക്രിക്കറ്റ് ടൂർണമെന്റും കൃത്യമായി സംഘടിപ്പിക്കുന്നു. പുനലൂരിലെ പട്ടോഡി ക്ളബിനെ ഏറ്റെടുത്ത് ജില്ലാ ചാമ്പ്യന്മാരുമാക്കി.സിംബാബ്‌വേയിൽ നടന്ന ടി -10 ചാമ്പ്യൻഷിപ്പിൽ ഏരീസിന് ടീമുണ്ടായിരുന്നു.
ആലപ്പി റിപ്പിൾസ് ഉടമ കലാധരൻ യു.എ.ഇയിൽ ദീർഘകാലമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ദുബായ് എ ഡിവിഷൻ ലീഗിലെ ക്ളബ് ഉടമയുമാണ്. റിപ്പിൾസ് സഹ ഉടമ റാഫേലിന്റേതാണ് ചാലക്കുടിയിലെ റേസ് ബൈ സഞ്ജു സാംസൺ അക്കാഡമി. തൃശൂർ ടൈറ്റാൻസ് ഉടമ സജ്ജാദ് സേട്ട് എട്ടാം വയസിൽ ക്രിക്കറ്റുകളി തുടങ്ങിയതാണ്. 1989 മുതൽ തിരുവനന്തപുരം ജില്ലാ എ ഡിവിഷൻ ലീഗിൽ കളിച്ചു. ഇപ്പോഴും വെറ്ററൻസ് ക്രിക്കറ്റിലെ സജീവ സാന്നിദ്ധ്യം. നിരവധി ടൂർണമെന്റുകളിലെ മികച്ച ബൗളറായിരുന്നു സജ്ജാദ് സേട്ട്.
കൊച്ചിൻ ബ്ളൂടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിന് ഇംഗ്ളണ്ടിൽ ക്രിക്കറ്റ് ക്ളബുണ്ട്. ഇദ്ദേഹം കളിക്കാരനുമാണ്. കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് ഉടമ സഞ്ജു മുഹമ്മദും പഴയ ക്രിക്കറ്ററാണ്. ആലുവയിലെ ഗ്ളോബ്സ്റ്റാർസ് ക്ളബിന്റെ ദീർഘകാലമായുള്ള സ്പോൺസറാണ്. കെ.സി.എല്ലിൽ ടീമിനെ സ്വന്തമാക്കിയപ്പോഴും ഗ്ളോബ്സ്റ്റാർസ് എന്ന പേരിനെ കൂടെക്കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |