തിരുവനന്തപുരം : സൗഹൃദങ്ങളുടെ നാടായ കോഴിക്കോടുനിന്ന് കെ.സി.എല്ലിനായി എത്തുന്ന കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് ടീമിലെ അടുത്തകൂട്ടുകാരാണ് നായകൻ രോഹൻ കുന്നുമ്മലും സൽമാൻ നിസാറും അൻഫലും. ചങ്കുപറിച്ചുകൊടുക്കുന്ന ചങ്ങാതിമാരാണിവർ.സൽമാൻ തലശേരിക്കാരനാണ്. രോഹൻ പാലക്കാടാണ് ജനിച്ചതെങ്കിലും കോഴിക്കോടാണ് തട്ടകം. അൻഫൽ കാസർകോടുകാരനും. കാലിക്കറ്റ് ഗ്ളോബ്സ്റ്റേഴ്സിലെ യഥാർത്ഥ മലബാറി ഗ്യാംഗ് ഇവരാണ്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് രോഹനും സൽമാനും അൻഫലും കേരള കൗമുദിയോട് സംസാരിക്കുന്നു....
ക്രിക്കറ്റിലെ തന്റെ ആദ്യ കൂട്ടുകാരനാണ് രോഹനെന്ന് സൽമാൻ പറയുന്നു. ചെറുപ്പത്തിൽ അന്തർജില്ലാ മത്സര വേദിയിൽ വച്ചാണ് രോഹനെ ആദ്യമായി കാണുന്നത്. പിന്നീട് കേരളത്തിന്റെ ജൂനിയർ ടീമിൽ ഒരുമിച്ചുകളിച്ചു. അന്നുമുതൽ ഇന്നുവരെ ഒരേ സൗഹൃദം. തന്റെ ചങ്ക് ചങ്ങാതിയാണ് സൽമാനെന്ന് രോഹന്റെ സാക്ഷ്യം. കളിക്കാര്യം മാത്രമല്ല വ്യക്തിജീവിതത്തിൽ എന്തെങ്കിലുമൊരു കാര്യത്തിൽ ഒരു ഉപദേശം വേണ്ടിവന്നാലും ആശ്രയിക്കുന്നത് സൽമാനെയാണെന്നും രോഹൻ പറയുന്നു. കൃത്യമായ മാർഗനിർദ്ദേശം നൽകാൻ സൽമാന് പ്രത്യേക കഴിവാണെന്നും രോഹൻ പറഞ്ഞു. എന്തും തുറന്നുപറയാവുന്ന ഒരു സൗഹൃദം തങ്ങൾക്കിടയിൽ രൂപമെടുത്തിട്ടുണ്ടെന്നും ഈ സീസണിൽ ഗ്ളോബ്സ്റ്റാർസിലേക്ക് എത്തിയപ്പോഴുള്ള ഏറ്റവും വലിയ സന്തോഷം രോഹനൊപ്പം കളിക്കാമെന്നതായിരുന്നെന്നും സൽമാൻ പറയുന്നു.
സൽമാനൊപ്പം ബാറ്റുചെയ്യുമ്പോഴുള്ള പരസ്പരധാരണ അപാരമാണെന്നും രോഹൻ പറയുന്നു. ''സിംഗിൾ ഓടണോ, ഡബിൾ ഓടണോ എന്നൊന്നും വിളിച്ചുചോദിക്കേണ്ട ആവശ്യമില്ല.സൽമാന്റെ മുഖഭാവവും ശരീരഭാഷയും കാണുമ്പോൾ തന്നെ മനസിലാകും. എന്നെ ഒരിക്കലും റൺഔട്ടാക്കില്ലെന്നുറപ്പാണ് ""- ചെറുചിരിയോടെ സൽമാൻ പറയുന്നു. രോഹന്റെ ലീഡിംഗ് കപ്പാസിറ്റിയെക്കുറിച്ച് പറയാൻ സൽമാന് നൂറുനാവാണ്.
രോഹനേയും സൽമാനേയുംകാൾ പ്രായത്തിൽ മൂത്തതാണ് അൻഫലെങ്കിലും ഇവരുമായി സൗഹൃദത്തിന് അതൊന്നും തടസമല്ല. രഞ്ജി ട്രോഫിയിൽ കുറച്ചുവർഷങ്ങളുടെ ഇടവേളകഴിഞ്ഞ് കേരള ടീമിൽ തിരിച്ചെത്തിയപ്പോൾ പിന്തുണയുമായി ചേർത്ത് നിറുത്തിയവരാണ് സൽമാനും രോഹനുമെന്നും അൻഫൽ പറയുന്നു. സൽമാന് അൻഫലിനെക്കുറിച്ച് പങ്കുവയ്ക്കാനുള്ളത് കുട്ടിക്കാലത്തെ ഒരോർമ്മയാണ്. സ്കൂൾ കുട്ടിയായിരുന്ന സൽമാൻ ആദ്യമായി കണ്ട് അത്ഭുതപ്പെട്ട ബാറ്ററാണ് അൻഫൽ. തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു അന്നത്തെ അൻഫലിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഇതേപോലെയൊക്കെ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിപ്പിച്ച കളിക്കാരൻ പിന്നീട് ഒരേ ടീമിൽ കളിക്കാനെത്തുമ്പോൾ സന്തോഷിക്കാൻ മറ്റെന്തുവേണമെന്നാണ് സൽമാന്റെ ചോദ്യം.
ഇവരുടെ സൗഹൃദവൈബിൽ ഒപ്പം നിൽക്കാൻ ടീം ഹെഡ്കോച്ചും മുൻ കേരള രഞ്ജി നായകനുമായ ഫിറോസ്.വി. റഷീദുമുണ്ട്. കൂട്ടായ്മയാണ് ക്രിക്കറ്റിന്റെ അടിസ്ഥാനമെന്ന് ഫിറോസ് പറയുന്നു. ഒരേ മനസോടെ കളിച്ചാൽ കഴിഞ്ഞസീസണിൽ ഫൈനലിൽ കൈവിട്ടുപോയ കപ്പ് ഇത്തവണ കൈപ്പിടിയിലൊതുക്കാമെന്നും കോച്ച് പറയുന്നു. ദുലീപ് ട്രോഫി സൗത്ത്സോൺ ടീമിൽ കളിക്കാൻ പോകുന്ന ആഗസ്റ്റ് 31വരെയേ കെ.സി.എല്ലിലുണ്ടാകൂ. സെമിയിൽ എത്തിച്ചിട്ടേ സൽമാനെ വിടൂവെന്ന് രോഹനും അൻഫലും ഫിറോസും ഒരേ സ്വരത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |