നോർത്ത് ഈസ്‌റ്റിന് ജയം

Sunday 03 May 2026 8:04 AM IST

ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരിൽ അവസാന നിമിഷം (90-ാം മിനിട്ട്)​ പ്രതിബ് ഗോഗോയി നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 3-2ന് ഇന്റർ കാശിയെ കീഴടക്കി.

പ്രതിബിനെക്കൂടാതെ മലയാളി താരം ജിതിൻ എം.എസ്,​ആൻഡി റോഡ്രിഗസ് എന്നിവരും നോർത്ത് ഈസ്റ്റിനായി വലകുലുക്കി. സെർജിയോ ലാമാസ്,​ മുഹമ്മദ് ആസിഫ് ഖാൻ എന്നിവർ ഇന്റർ കാശിക്കായി സ്കോർ ചെയ്തു. 62-ാം മിനിട്ടിൽ ഇന്റർ കാശിയുടെ വെയ്ൻ വാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. നോർത്ത് ഈസ്റ്റ് 11-ാം സ്ഥാനത്തും ഇന്റർ കാശി എട്ടാമതുമാണ്.

ഇപ്‌സ്വിച്ച് പ്രീമിയർ ലീഗിന്

ലണ്ടൻ: ഒരു സീസണിന്റെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരിച്ചെത്തി ഇപ്‌സ്വിച്ച് ടൗൺ. രണ്ടാം ഡിവിഷനായി ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ നിർണായകമായ അവസാന മത്സരത്തിൽ ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇപ്‌സ്വിച്ച് പ്രിമിയർലീഗിൽ സ്ഥാനം ഉറപ്പിച്ചത്. ജയത്തോടെ ഇപ്‌സ്വിച്ച് മിൽവാലിയെ മറികടന്ന് ചാമ്പ്യൻഷിപ്പിലെ റണ്ണറപ്പായാണ് പ്രീമിയർ ലീഗിന് ടിക്കറ്റെടുത്തത്. ഇപ്‌സ്വിച്ചിന് 84ഉം മിൽവാലിക്കും 83ഉം പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള കൊവൻട്രി നേരത്തേ തന്നെ പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയിരുന്നു.