ബാഴ്സ ക്ലാസിക്ക്
ലാലിഗ കിരീടം നിലനിറുത്തി ബാഴ്‌സലോണ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ കീഴടക്കി
കാമ്പ് നൂ: എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ കീഴടക്കി സ്പാനിഷ് ലാലിഗ കിരീടം നിലനിറുത്തി ബാഴ്‌സലോണ. സ്വന്തം തട്ടകമായി കാമ്പ് നൂവിൽ നടന്ന മത്സരത്തിൽ റയലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്‌സയുടെ പട്ടാഭിഷേകം. ലീഗിൽമൂന്ന് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെയാണ് ബാഴ്‌സ തുടർച്ചയായ രണ്ടാം ലീദഗ് കിരീടം ഉറപ്പിച്ചത്. എൽ ക്ലാസിക്കോയിലെ ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 91 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 35 മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണുള്ളത്. സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയലിനായിരുന്നു ജയം.
എന്നാൽ നിലവിൽ കളിക്കാർ തമ്മിലുള്ല വഴക്കുൾപ്പെടെയുള്ല ആഭ്യന്തര കലഹങ്ങളിൽ വലയുന്ന റയൽ മാഡ്രിഡ് പ്രതീക്ഷിച്ചപോലെ സീസണിൽ രണ്ടാം എൽ ക്ലാസിക്കോയിൽ ബാഴ്‌സയ്ക്ക് മുന്നിൽ ഇടറി വീഴുകയായിരുന്നു.
മാർക്കസ് റാഷ്ഫോർഡും ഫെറാൻ ടോറസുമാണ് ബാഴ്സയുടെ വിജയ ഗോളുകൾ നേടിയത്.
9 -ാം മിനിട്ടിൽ തന്നെ ബോക്സിന് തൊട്ടു വെളിയിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായൊരു വലങ്കാലൻ ഷോട്ടിലൂടെ വലയിലാക്കി റാഷ്ഫോർഡ് നിർണായക പോരാട്ടത്തിൽ ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. 18-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ വച്ച് ഡാനി ഓൾമോയുടെ ട്രിക്കി ഫ്ലിക്കിലൂടെ ലഭിച്ച പന്ത് പിടിച്ചെടുത്ത് ക്ലിനിക്കിൽ ഫിനിഷിലൂടെ ടോറസ് ബാഴ്‌സയുടെെ ലീഡ് രണ്ടായി ഉയർത്തി. പിന്നീലെ 21-ാം മിനിട്ടിൽ റയൽ ഗോളിന് അരികിലെത്തിയെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ കിട്ടിയ അവസരം ഗോൺസാലോയ്ക്ക് മുതലാക്കാനായില്ല.പന്ത് പുറത്തേയക്ക് പോയി. 37-ാം മിനിട്ടിൽ ഗോളി മാത്രം മുന്നിലുള്ളപ്പോൾ കിട്ടിയ സുവർണാവസരം ബാഴ്‌സയുടെ റാഷ്ഫോർഡും ലെവൻഡോവ്‌സ്കിയും പിന്നീട് പാഴാക്കി.63-ാം മിനിട്ടിൽ റയലിന്റെ ജൂഡ് ബെല്ലിംഗ്‌ഹാം പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.കിലിയൻ എംബാപ്പെ ഇന്നലേയും റയൽ നിരയിൽ ഇല്ലായിരുന്നു.
29- ബാഴ്‌സലോണയുടെ 29-ാം ലാലിഗ കിരീട നേട്ടമാണിത്.
2- കഴിഞ്ഞ സീസണിൽ ബാഴ്‌സയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഹാ
ൻസി ഫ്ലിക്കിന് തുടർച്ചായായ രണ്ടാം സീസണിലും ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കാനായി.
0- സീസണിൽ ഒരു മേജർ ട്രോഫി പോലും നേടാൻ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബെന്ന് വിശേഷിപ്പിക്കപ്പെടുന്ന റയൽ മാഡ്രിഡിനായില്ല.