ലണ്ടൻ: ഇന്ത്യയുടെ വനിതാ ടെന്നീസ് സൂപ്പർ സ്റ്റാർ സാനിയ മിർസ വിംബിൾഡണിനോട് വിടപറഞ്ഞു. കരിയറിലെ അവസാന വിംബിൾഡണിനിറങ്ങിയ സാനിയ മിക്സഡ് ഡബിൾസ് സെമി ഫൈനലിൽ പരാജയപ്പെട്ടാണ് ആൾ ഇംഗ്ളണ്ട് ക്ളബിലെ പുൽക്കോർട്ടിനോട് സലാം പറഞ്ഞത്.
ക്രൊയേഷ്യയുടെ മേറ്റ് പാവിച്ചിനൊപ്പം മികസ്ഡ് ഡബിൾസിനിറങ്ങിയ സാനിയ സെമിയിൽ നീൽ സ്കുപ്സ്കി-ഡിസൈറേ ക്രോസിക് സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റ് നേടിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റുകള്‍ സാനിയ-പാവിച്ച് സഖ്യം മത്സരം കൈവിടുകയായിരുന്നു. സ്കോർ: 6-4, 5-7, 4-6.
തോൽവിക്ക് പിന്നാലെ സാനിയ സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ വിടവാങ്ങൽ കുറിപ്പ് പോസ്റ്റ് ചെയ്തു. 20 വർഷത്തോളം ടെന്നിസ് കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും വിംബിൾഡൺ കോർട്ടിനോട് വിടപറയുന്നതിൽ സങ്കടമുണ്ടെന്നും 35കാരിയായ സാനിയ കുറിച്ചു.
വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പറായിരുന്ന സാനിയ വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും യു.എസ് ഓപ്പണും വിംബിൾഡണും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമാണ് വിംബിൾഡണിൽ മത്സരിച്ചത്. വനിതാ ഡബിൾസിൽ സാനിയ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. ഈവർഷം യു.എസ് ഓപ്പണോടെ ടെന്നിസ് കോർട്ടിനോട് വിടപറയുമെന്ന് സാനിയ നേരത്തേ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |