ധാക്ക: ധാക്കയിൽ ദുർഗ്ഗാ ക്ഷേത്രം പൊളിച്ചു മാറ്റി. ഖിൽഖേത്തിൽ സ്ഥിതി ചെയ്തിരുന്ന ദുർഗ്ഗാ ക്ഷേത്രമാണ് പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരും വൻ സന്നാഹത്തോടെയാണ് പൊളിച്ചു മാറ്റിയത്. റെയിൽവേ ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. ബംഗ്ലാദേശ് റെയിൽവേയുടെ ധാക്ക ഡിവിഷനും ക്ഷേത്രം പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. പുർബച്ചൽ ആർമി ക്യാമ്പിൽ നിന്ന് ബുൾഡോസറുകൾ എത്തിയാണ് പൊളിച്ചു നീക്കിയത്. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധിച്ചെങ്കിലും സൈന്യം അവരെ അറസ്റ്റു ചെയ്തു മാറ്റി. ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവത്തെ "നിയമവിരുദ്ധ ഭൂവിനിയോഗമെന്നാണ് വിശേഷിപ്പിച്ചത്. ക്ഷേത്രം തകർത്തതിന് ബംഗ്ലാദേശ് ഭരണകൂടത്തെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളും വിമർശിച്ചു. യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവം കൈകാര്യം ചെയ്തതിൽ വീഴ്ച്ച വരുത്തിയെന്നും തീവ്രവാദ സംഘങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും, സാധ്യമായ ബദൽ മാർഗങ്ങൾ ഉണ്ടായിരുന്നിട്ടും ക്ഷേത്രം നശിപ്പിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ സമുദായങ്ങളോട് പുലർത്തേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് ഇന്ത്യ ബംഗ്ലാദേശിനെ ഓർമ്മിപ്പിച്ചു. ഹിന്ദുക്കളെയും അവരുടെ സ്വത്തുക്കളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. ധാക്കയിലെ ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട് ഹിന്ദു ഗ്രൂപ്പുകൾക്കിടയിലും പ്രവർത്തകരിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതാദ്യമായല്ല ബംഗ്ളാദേശിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |