
സ്വിറ്റ്സർലാൻഡ്: പുതുവത്സരാഘോഷത്തിനിടെ ബാറിലുണ്ടായ സ്‌ഫോടനത്തിൽ 40 പേർ മരിച്ചു. നൂറോളം പേരുടെ നില ഗുരുതരമാണ്. സ്വിറ്റ്സർലൻഡിലെ ഹൈ-എൻഡ് ആൽപൈൻ റിസോർട്ട് പട്ടണമായ ക്രാൻസ്-മൊണ്ടാനയിലെ സ്വിസ് കീ റിസോർട്ടിൽ പ്രവർത്തിക്കുന്ന ബാറിലാണ് സ്‌ഫോടനം നടന്നത്.
പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പുതുവർഷം പുലർന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നൂറോളം പേർ ബാറിൽ ഉണ്ടായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചു. ഇരയായവരിൽ അധികവും വിനോദ സഞ്ചാരികളാണ്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആഡംബര റിസോർട്ടുകൾ ഏറെയുള്ള മേഖലയാണ് ക്രാൻസ് മൊണ്ടാന. ആൽപ്‌സ് പർവ്വത നിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. അപകടത്തെതുടർന്ന് ക്രാൻസ് മൊണ്ടാന മേഖലയിലൂടെയുള്ള വിമാന സർവ്വീസുകൾക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനും പ്രദേശം സുരക്ഷിതമാക്കുന്നതിനുമുള്ള അടിയന്തര സേവനങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |