
ദുബായ്: നഗരത്തിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി സ്‌മാർട്ട് ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. 'സ്‌മാർട്ട് മാലിന്യ സംസ്‌കരണം' പദ്ധതിയുടെ ഭാഗമായാണ് നടപടി. പദ്ധതി പ്രാരംഭഘട്ടത്തിലാണ്. പരിശോധന ശക്തമാകുന്നതിനും നിയമലംഘകരെ വേഗത്തിൽ പിടികൂടുന്നതിനും ലക്ഷ്യമിട്ടാണ് സംവിധാനം നടപ്പിലാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിയൽ ടൈം ഡാറ്റ അനാലിസിസ് സാങ്കേതിക വിദ്യകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ഉൾപ്പെടെ സ്‌മാർട്ട് ക്യാമറകൾ സ്ഥാപിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. റോഡുകൾ, റെസിഡൻഷ്യൽ മേഖലകൾ തുടങ്ങിയയിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ക്യാമറകൾ പകർത്തുന്ന ചിത്രം ഉടനടി വിശകലനം ചെയ്ത് ഉദ്യോഗസ്ഥർ അടിയന്തര നടപടിയെടുക്കും. മാലിന്യം തള്ളുന്നവർക്ക് 500 ദിർഹം വരെയാണ് പിഴ ലഭിക്കുക. ഉപയോഗ ശൂന്യമായ ഫർണിച്ചർ ഉൾപ്പെടെയുള്ള വലിയ മാലിന്യം പൊതു നിരത്തുകളിൽ ഉപേക്ഷിക്കുന്നതും ശിക്ഷാർഹമാണ്.
ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സ്ട്രാറ്റജി 2041നെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. പൊതു ശുചിത്വവും ജീവിത നിലവാരവും വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരതയിലും നവീകരണത്തിലും മുൻനിര ആഗോള നഗരമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |