
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന. മനുഷ്യരുടെ സ്വഭാവരീതികളുമായി തെരുവ് നായ്ക്കളുടെ പെരുമാറ്റത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള ദിവ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
'ഒരു പുരുഷന്റെ മനസിലിരിപ്പ് എന്താണെന്ന് വായിച്ചെടുക്കാൻ ആർക്കും കഴിയില്ല. എപ്പോഴാണ് ബലാത്സംഗം ചെയ്യുന്നതെന്നും പറയാൻ കഴിയില്ല. അതുകൊണ്ട്, എല്ലാ പുരുഷന്മാരെയും ജയിലിൽ ഇടണോ?' എന്നായിരുന്നു ദിവ്യ ഇൻസ്റ്റഗ്രാമിലൂടെ ചോദിച്ചത്. തെരുവ് നായ്ക്കളുടെ മനസ്ഥിതി പ്രവചിക്കാൻ കഴിയില്ലെന്ന കോടതിയുടെ പരാമർശത്തോടുള്ള മറുപടിയായാണ് താരത്തിന്റെ പ്രതികരണം. പൊതുനിരത്തിൽ തെരുവ് നായ്ക്കളും മറ്റ് മൃഗങ്ങളും സ്വതന്ത്രമായി വിഹരിക്കുന്നത് കാൽനടയാത്രക്കാർക്കടക്കം വലിയ ഭീഷണിയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
'റോഡുകൾ തെരുവ് നായ്ക്കളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും മുക്തമായിരിക്കണം. രാവിലെ ഏത് നായ ഏത് മൂഡിലാണെന്ന് ആർക്കും അറിയില്ല'. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.രാജസ്ഥാനിൽ ജഡ്ജിമാർക്ക് വരെ തെരുവുനായ ആക്രമണം ഉണ്ടായത് ഗൗരവകരമാണെന്നും ജസ്റ്റിസ് മേത്ത ഓർമ്മിപ്പിച്ചു.
തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലും വാക്സിനേഷൻ നൽകുന്നതിലും വീഴ്ച വരുത്തുന്ന സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സ്‌കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റിപ്പാർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇതിന് പരിഹാരമായി വന്ധ്യംകരണവും വാക്സിനേഷനും നടത്തി നായ്ക്കളെ തിരികെ വിടുന്നതാണ് പ്രായോഗികമെന്ന് വാദിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |