
ന്യൂഡൽഹി: തൃശൂർ സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ കാർഡിന്റെ പ്രചാരണത്തിന് രാജ്യത്താകെ ഈ ചിഹ്നമാണ് ഇനി ഉപയോഗിക്കുക. ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി മൈ ഗവ് പ്ലാറ്റ്‌ഫോമിൽ നടന്ന ദേശീയ മത്സരത്തിൽ 875 എൻട്രികളിൽ ലഭിച്ചു. ഇതിൽ നിന്നാണ് അരുണിന്റെ ചിത്രം യു.ഐ.ഡി.എ.ഐ തിരഞ്ഞെടുത്തത്. 'ഉദയ്" എന്ന പേര് ഭോപ്പാലിൽ നിന്നുള്ള റിയ ജെയിനാണ് നിർദ്ദേശിച്ചത്.
ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്‌ത് പേരിടാനുള്ള മത്സരത്തിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. ദേശീയ പതാകയുടെ നിറമുള്ള ഷാൾ കഴുത്തിൽ ചുറ്റി, ക്രീം കളർ ടീ ഷർട്ടും ചുമപ്പ് പാന്റ്സും ഷൂസുമിട്ട പയ്യന്റെ ചിത്രം വരച്ച ഗോകുൽ ഒന്നാം സ്ഥാനം നേടി. പൂനെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും നേടി. പേരിടൽ മത്സരത്തിൽ പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഹൈദരാബാദ് സ്വദേശി മഹാരാജ് ശരൺ ചെല്ലാപിള്ള മൂന്നാം സ്ഥാനവും നേടി.
തിരുവനന്തപുരത്ത് നടന്ന യു.ഐ.ഡി.എ.ഐ ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്‌തു. ആധാർ സേവനങ്ങൾ ലളിതമായി ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മത്സരമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |