
വാഷിംഗ്ടൺ: എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് വെനസ്വേല അമേരിക്കൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും പിടികൂടി തടങ്കലിലാക്കിയ പിന്നാലെയാണ് പ്രതികരണം. യു.എസുമായുള്ള എണ്ണ കരാറിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് കാർഷിക, ഊർജ്ജ ഉത്പന്നങ്ങൾ അടക്കം വെനസ്വേല വാങ്ങുമെന്ന് ട്രംപ് അവകാശപ്പെട്ടു. വെനസ്വേല പ്രതികരിച്ചിട്ടില്ല. വെനസ്വേലയുടെ മേൽ യു.എസിന്റെ നിരീക്ഷണം ഒരു വർഷത്തിൽ കൂടുതൽ തുടരുമെന്നും അവിടുത്തെ എണ്ണ വിൽപ്പന അനിശ്ചിത കാലത്തേക്ക് നിയന്ത്രിക്കാൻ പദ്ധതിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യു.എസിന്റെ ഉപരോധം മൂലം വെനസ്വേലയിൽ കുടുങ്ങിക്കിടക്കുന്ന 5 കോടിയോളം ബാരൽ എണ്ണ ഇടക്കാല സർക്കാർ തങ്ങൾക്ക് വിൽക്കുമെന്നാണ് ട്രംപ് പറയുന്നത്. യു.എസ് എണ്ണ വിപണിവിലയ്ക്ക് വിൽക്കുമെന്നും ലഭിക്കുന്ന 300 കോടി ഡോളറോളം വരുമാനം താൻ നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, എണ്ണ വ്യാപാരം സംബന്ധിച്ച് യു.എസുമായി ചർച്ച പുരോഗമിക്കുകയാണെന്ന് വെനസ്വേലൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ പി.ഡി.വി.എസ്.എ പറഞ്ഞു.
വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ് കരാർ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വീണ്ടും ആക്രമിക്കാൻ മടിയില്ലെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്ന്, ജനങ്ങളുടെ സുരക്ഷയ്ക്കായി യു.എസുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഡെൽസി അറിയിച്ചിരുന്നു.
പെട്രോയ്ക്ക് ക്ഷണം
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുമായി ഫോണിൽ സംസാരിച്ച് ട്രംപ്. വെനസ്വേല വിഷയം ചർച്ച ചെയ്തെന്നും പെട്രോയെ കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചെന്നും ട്രംപ് പറയുന്നു. ചർച്ച സൗഹൃദപരമായിരുന്നെന്ന് പെട്രോയും പറഞ്ഞു. യു.എസ് വെനസ്വേലയിൽ വ്യോമാക്രമണം നടത്തി മഡുറോയെ പിടിച്ചുകൊണ്ടു പോയ പിന്നാലെ രൂക്ഷ വിമർശനവുമായി പെട്രോ രംഗത്തെത്തിയിരുന്നു. പെട്രോ യു.എസിലേക്ക് കൊക്കെയ്ൻ കടത്തുകയാണെന്നും കൊളംബിയയ്ക്ക് എതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
മഡുറോയ്ക്ക് പരിക്ക്
മഡുറോയെ പിടികൂടാൻ ശനിയാഴ്ച യു.എസ് നടത്തിയ ആക്രമണത്തിനിടെ രാജ്യത്ത് 100 പേർ കൊല്ലപ്പെട്ടെന്ന് വെനസ്വേലയുടെ ആഭ്യന്തര മന്ത്രി ഡയസ്ഡാഡോ കാബെല്ലോ പറഞ്ഞു. ആക്രമണത്തിനിടെ മഡുറോയ്ക്ക് കാലിനും സിലിയയ്ക്കും തലയ്ക്കും പരിക്കേറ്റെന്ന് കാബെല്ലോ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |