വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തന്റെ പ്രതിനിധികൾ ഇസ്രയേലുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശം അംഗീകരിച്ചെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വെടിനിർത്തലിനുള്ള നിർദേശം ഹമാസ് പ്രവർത്തകർ കൂടി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 60 ദിവസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനിടെ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും ട്രംപ് വ്യക്തമാക്കി.
'എന്റെ പ്രതിനിധികൾ ഇസ്രയേലുമായി ചർച്ച നടത്തി. 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിട്ടുണ്ട്. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കെെമാറും. ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ'- ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദികെെമാറ്റം സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഇറാൻ ഫത്‌വ (മതശാസന) പുറപ്പെടുവിച്ചിരന്നു. ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കളാണെന്നും ഇവർക്കെതിരെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നും ഉന്നത ഷിയാ പുരോഹിതനായ അയത്തൊള്ള നാസർ മകാരെം ഷിറാസി പുറപ്പെടുവിച്ച ഫത്‌വയിൽ ആഹ്വാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |