SignIn
Kerala Kaumudi Online
Thursday, 19 February 2026 11.25 AM IST

'കിട്ടാവുന്ന ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തൂ'; യുദ്ധഭീതിയിൽ പശ്ചിമേഷ്യ, പൗരന്മാർക്ക് നിർദ്ദേശവുമായി ലോകരാജ്യങ്ങൾ

Increase Font Size Decrease Font Size Print Page
iran-

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും. കിട്ടാവുന്ന വിമാനട്ടിക്കറ്റുകൾ എടുത്ത് എത്രയും പെട്ടെന്ന് ലെബനൻ വിടാനാണ് ഇരു രാജ്യങ്ങളും നിർദ്ദേശിച്ചിരിക്കുന്നത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിർദ്ദേശം.

ചില വിമാനക്കമ്പനികൾ രാജ്യത്ത് പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും, വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ പശ്ചിമേഷ്യൻ രാജ്യം വിടാൻ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ലെബനനിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും ഉടൻ പോകാൻ യുകെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 'പിരിമുറുക്കങ്ങൾ ഉയരുകയാണ്, സ്ഥിതിഗതികൾ അതിവേഗം വഷളാകും'- ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പ്രസ്താവനയിൽ പറഞ്ഞു.

യുഎസിനും യുകെയ്ക്കും പുറമേ, മറ്റ് പല രാജ്യങ്ങളും അവരുടെ പൗരന്മാരോട് പശ്ചിമേഷ്യൻ രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയും തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ചിരുന്നു. ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി എല്ലാ പൗരന്മാരോടും രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയുടെയും ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിന്റെയും കൊലപാതകത്തിന് ശേഷം സംഘർഷങ്ങൾ രൂക്ഷമാകുകയാണ്. ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായി ഇസ്രയേലിനെ കൂട്ടത്തോടെ വളഞ്ഞാക്രമിക്കാൻ പദ്ധതിയിട്ട് ഇറാനും നിഴൽ ഗ്രൂപ്പുകളും സജീവമാണ്. ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടിരുന്നു.

ഹനിയേയെ വധിച്ചതിന് പിന്നാലെ ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചതും സംഘർഷത്തിന് എരിവേകി. ജൂലായ് 13ന് ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ മവാസിയിലുണ്ടായ ആക്രമണത്തിലാണ് ദെയ്ഫിനെ വധിച്ചത്. ഇയാൾക്ക് ഗുരുതര പരിക്കേറ്റെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ 71 പാലസ്തീനികളും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി, ഇറാഖിലെയും സിറിയയിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുടെ പ്രതിനിധികളുമായി ഇറാൻ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. ഇസ്രയേലിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് യു.എസും പ്രഖ്യാപിച്ചു.

TAGS: NEWS 360, WORLD, WORLD NEWS, WEST ASIA, LATEST NEWS IN MALAYALAM, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY