എഡിൻബറ: സ്കോട്ട്‌ലൻഡിന്റെ പുതിയ ഫസ്റ്റ് മിനിസ്റ്ററെ തിരഞ്ഞെടുക്കാൻ സ്കോട്ടിഷ് നാഷണൽ പാർട്ടി നടത്തിയ നേതൃസ്ഥാന തിരഞ്ഞെടുപ്പിൽ നിലവിലെ ഹെൽത്ത് സെക്രട്ടറി ഹംസ യൂസഫിന് ജയം. 52 ശതമാനം വോട്ട് നേടിയാണ് യൂസഫിന്റെ നേട്ടം. പാർലമെന്റിൽ ഇന്ന് എം.പിമാർക്കിടെയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കൂടി ജയിച്ചാൽ സ്കോട്ടിഷ് സർക്കാരിന്റെ തലവനായി ബുധനാഴ്ച അദ്ദേഹം ചുമതലയേൽക്കും.
2014 മുതൽ ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ തുടർന്ന നിക്കോള സ്‌റ്റർജൻ കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016 മുതൽ ഗ്ലാസ്ഗോ പൊള്ളോക്കിൽ നിന്നുള്ള സ്കോട്ടിഷ് പാർലമെന്റ് അംഗമാണ് 37കാരനായ യൂസഫ്.
2011 - 2016 കാലയളവിൽ ഗ്ലാസ്ഗോയിൽ നിന്നും എം.പിയായി. സ്കോട്ടിഷ് സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ മുസ്ലിം മന്ത്രിയും വെള്ളക്കാരനല്ലാത്ത വ്യക്തിയുമാണ്. ഗ്ലാസ്ഗോയിൽ ജനിച്ച യൂസഫിന്റെ അച്ഛൻ പാകിസ്ഥാൻ വംശജനും അമ്മ കെനിയ സ്വദേശിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |