കഴിഞ്ഞ വർഷം വിൽപ്പനയിൽ വൻ കുതിപ്പ്
കൊച്ചി: പ്രാരംഭച്ചെലവ് കൂടുതലാണെങ്കിലും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ യാത്രാമാർഗങ്ങൾ തേടുന്നവർക്ക് വൈദ്യുത വാഹനങ്ങൾ പ്രിയങ്കരമാകുന്നു. 2024ൽ മുൻവർഷത്തെക്കാൾ 22 ശതമാനം വൈദ്യുത വാഹനങ്ങൾ വിറ്റഴിക്കാനായത് വിപണിയിലെ വളർച്ചയുടെ സൂചനയാണ്.
ചാർജിംഗിനും പരിപാലനത്തിനുമുള്ള ചെലവുകൾ കുറവായതിനാൽ വൈദ്യുത വാഹനങ്ങൾ ഭാവിയിൽ നിരത്തുവാഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ഇന്റേണൽ കമ്പസ്റ്റൻ എൻജിൻ (ഐ.സി.ഇ.) വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ചെലവാണ് ആകർഷണം. പരിവാഹന്റെ കണക്ക് പ്രകാരം 2024 കലണ്ടർ വർഷത്തിൽ 89,000ത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചു. 22 ശതമാനം വർദ്ധനവ്.
നിർമ്മാതാക്കളുടെയും സർക്കാർ സംരംഭങ്ങളുടെയും പിന്തുണയും ഉപഭോക്താക്കളുടെ താല്പര്യവും വിൽപ്പനയിലെ ഉണർവിന് കരുത്തായി. ബാറ്ററി വില കുറയുന്നതിനാൽ വാങ്ങാനുള്ള ചെലവ് താഴുന്നു.
ആകർഷണങ്ങൾ
1.പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, സി.എൻ.ജി. വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറവാണ്.
2. വൈദ്യുത വാഹനം ചാർജ് ചെയ്യുന്നത് ഐ.സി.ഇ. വാഹനത്തിന് ഇന്ധനം നിറയ്ക്കുന്നതിനേക്കാൾ ലാഭകരമാണ്.
3. ചലിക്കുന്ന ഭാഗങ്ങൾ കുറവായതിനാൽ അറ്റകുറ്റപ്പണി ചെലവ് കുറവാണ്. മേൽക്കൂര സൗരോർജ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ലാഭകരവുമാണ്.
4. പെട്രോൾ, ഡീസൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോമീറ്ററിന് കുറഞ്ഞ ഊർജ ചെലവാണുള്ളത്.
ഉപഭോക്താക്കൾക്ക് മികച്ച ലാഭം
മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങളുടെ വാർഷിക പ്രവർത്തനച്ചെലവ് കുറവാണ്. അഞ്ച് വർഷത്തിനുള്ളിൽ ഇതിലും കുറയുമെമെന്നാണ് വിലയിരുത്തുന്നത്. പെട്രോളിന് 6,50,912, ഡീസലിന് 4,56,404, ഹൈബ്രിഡിന് 4,73,947, സി.എൻ.ജി.ക്ക് 3,78,625 രൂപ വീതം ശരാശരി പ്രതിവർഷ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ജനകീയ മോഡലായ ടാറ്റാ നെക്സൺ ഇ.വിക്ക് 1,77,458 രൂപയാണ് ചെലവെന്ന് ടാറ്റാ ഇ.വിയുടെ പഠനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |