ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ഭാരതം നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി, ഓപ്പറേഷൻ സിന്ദൂറിലെ വിജയത്തിന് സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സൈന്യം അസാമാന്യ ധൈര്യവും പ്രകടനവും കാഴ്ച വച്ചെന്ന് പ്രശംസിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ എല്ലാവർക്കും മോദി അഭിവാദ്യം അർപ്പിച്ചു.
പഹൽ ഗാമിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. അമ്മമാർക്കും ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്കളങ്കരായ 26 പേർ പിടഞ്ഞ് മരിച്ചത്. മതത്തിന്റെ പേര് പറഞ്ഞാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. പഹൽഗാം ആക്രമണത്തിന് പാകിസ്ഥാനിലെ ഭീകരരുടെ പരിശീലന കേന്ദ്രത്തിൽ കയറി ഇന്ത്യ മറുപടി നൽകി. സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു ആക്രമണം പ്രതിക്ഷിച്ചിരുന്നില്ല. ബവൽപൂരിലെയും മുരിട്കെയിലെയും ആഗോള തീവ്രവാദ കേന്ദ്രങ്ങൾ ഭാരതം ഭസ്മമാക്കി. ഭീകരതയുടെ യൂണിവേഴ്‌സിറ്റികളാണ് ഇല്ലാതായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പൂർത്തിയായ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്നലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജ്ത് ഡോവൽ ,ഐ.ബി, രോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |