ന്യൂഡൽഹി : പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപക പ്രചാരണത്തിന് ബി.ജെ.പി ഒരുങ്ങുന്നു. നാളെ മുതൽ പത്ത് ദിവസം രാജ്യവ്യാപകമായി ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും മന്ത്രിമാരും നയിക്കുന്ന തിരംഗ യാത്രകൾ സംഘടിപ്പിക്കും. ഓപ്പറേഷൻ സിന്ദൂർ വൻ വിജയമാണെന്നും ഭീകരർ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയതെന്നുമാണ് ബി.ജെ.പി വിശദീകരീച്ചത്.
അതേേസമയം പഹൽഗാമിൽ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറേഷൻ സിന്ദൂർ വിജയമാണെന്ന് പറയാനാകുമോ എന്ന് ഛത്തിസ്ഗഢ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ചോദിച്ചു. മൂന്നാംകക്ഷി ഇടപെട്ട് വെടിനിറുത്തൽ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ഭരണനേതൃത്വം ദുർബലമായതിന്റെ തെളിവാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അതിനിടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും, പഹൽഗാമിലെ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തുടങ്ങിയവയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |