SignIn
Kerala Kaumudi Online
Friday, 25 July 2025 1.20 PM IST

വിരാട വിരാമം

Increase Font Size Decrease Font Size Print Page
virat

770 റൺസ് കൂടി മതിയായിരുന്നു വിരാട് കൊഹ്‌ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് എന്ന നാഴികക്കല്ല് താണ്ടാൻ. 36കാരനായ വിരാടിന് ആ ലക്ഷ്യത്തിലേക്കെത്താൻ അധികകാലമൊന്നും വേണ്ടിവരികയുമില്ലായിരുന്നു. എന്നാൽ ഇതാണ് താൻ വഴിയൊഴിഞ്ഞുകൊടുക്കാനുള്ള ശരിയായ സമയം എന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച താരം തീരുമാനിക്കുകയായിരുന്നു.

സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ പടിയിറങ്ങുമ്പോൾ തന്റെ പിൻഗാമിയായി ചൂണ്ടിക്കാട്ടിയത് വിരാടിനെയായിരുന്നു. ആ പ്രതീക്ഷകൾക്ക് ചിറക് നൽകിയ വിരാട് ഒരു ഓസ്ട്രേലിയൻ പര്യടനത്തിന്റെ പാതിവഴിയിൽ നായകസ്ഥാനമൊഴിഞ്ഞപ്പോൾ ധൈര്യപൂർവ്വം അതേറ്റെടുത്തു.പിന്നീട് മോശം ഫോമിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ ഉയർന്നുതുടങ്ങിയപ്പോൾ ഒരു ഫോർമാറ്റിലേയും നായകനാകാനില്ലെന്ന തീരുമാനവുമെടുത്തു. മനക്കരുത്തുപോലെ ശരീരത്തിന്റെ കരുത്തും പ്രായമേറുന്തോറും വർദ്ധിപ്പിച്ച വിരാട് വിരമിക്കുംവരെ ഇന്ത്യൻ ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരമായിരുന്നു.

2011ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനാലാണ് വിരാട് ആദ്യമായി ഇന്ത്യൻ വെള്ളക്കുപ്പായമണിയുന്നത്. കിംഗ്സ്ടണിലെ ആദ്യ ഇന്നിംഗ്സിൽ നാലുറൺസും രണ്ടാം ഇന്നിംഗ്സിൽ 15 റൺസുമായിരുന്നു സമ്പാദ്യം.ആ പര്യടനത്തിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 76 റൺസ് മാത്രമാണ് ആ 22കാരന് നേടാനായത്. എന്നാൽ അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരെ വാങ്കഡേ സ്റ്റേഡിയത്തിൽ ഇരു ഇന്നിംഗ്സുകളിലും അർദ്ധസെഞ്ച്വറി നേടി വീര്യം കാട്ടി.തുടർന്നുള്ള ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ 4-0ത്തിന് തകർന്നപ്പോൾ അഡ്‌ലെയ്ഡിൽ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച് വിരാട് വീരനായി.

2013ൽ സച്ചിൻ ടെസ്റ്റിൽ നിന്ന് വിരമിക്കുമ്പോൾ ആ വിടവ് നികത്താനുള്ള പക്വത വിരാട് ആർജിച്ചിരുന്നു. 2014-15 സീസണിലെ ഓസ്ട്രേലിയൻ പര്യടനത്തിൽ അഡ്‌ലെയ്ഡിൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ വിരാട് മെൽബണിലേയും സിഡ്നിയിലേയും സെഞ്ച്വറികളുടെ അകമ്പടിയോടെ നാല് മത്സരങ്ങളിൽ നിന്ന് നേടിയത് 692 റൺസാണ്. മെൽബൺ ടെസ്റ്റിന് ശേഷം ധോണി അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ നായകന്റെ കുപ്പായം സ്വാഭാവികമായും വിരാടിനെത്തേടിവന്നു. സിഡ്നിയിൽ ഒരു പരിഭ്രമവും കൂടാതെആ വെല്ലുവിളി ഏറ്റെടുത്ത വിരാട് ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും (147)രണ്ടാം ഇന്നിംഗ്സിൽ 46 റൺസും നേടിയാണ് മത്സരം സമനിലയാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ സുവർണകാലമാണ് വിരാട് എന്ന നായകന് കീഴിൽ ഇന്ത്യയെ കാത്തിരുന്നത്. വിരാട് നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിലും വിജയം നൽകി. 17 മത്സരങ്ങളിൽ മാത്രമാണ് തോറ്റത്. ധോണിക്ക് 60 കളികളിൽ 20 ജയവും സൗരവ് ഗാംഗുലിക്ക് 49 കളികളിൽ 21 വിജയവും മാത്രമാണ് നൽകാനായത് എന്നോർക്കുക. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ നായകരിൽ നാലാമനാണ് വിരാട്. ഗ്രേം സ്മിത്ത്(53 വിജയങ്ങൾ),റിക്കി പോണ്ടിംഗ് (48), സ്റ്റീവ് വോ (41) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ വിരാടിന് മുന്നിലുള്ളത്.

2014ലെ ഇംഗ്ളണ്ട് പര്യടനത്തിൽ നിരാശപ്പെടുത്തിയതിന് 2018ലെ പര്യടനത്തിൽ നൽകിയ മറുപടിയാണ് വിരാടിന്റെ ടെസ്റ്റ്കരിയറിലെ മറ്റൊരു തിളങ്ങുന്ന അദ്ധ്യായം. അഞ്ചുടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളടക്കം നേടിയത് 583 റൺസ്. 2018 കലണ്ടർ വർഷം മാത്രം വിരാടിന്റെ ബാറ്റിൽ നിന്ന് പിറന്നത് 1322 റൺസാണ്. 2016 മുതൽ 2018വരെയുള്ള കാലയളവിൽ 35 ടെസ്റ്റുകളിൽ നിന്ന് 3596 റൺസാണ് വിരാടിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 14 സെഞ്ച്വറികളും ഇക്കാലയളവിൽ നേടാനായി.

2019ൽ പൂനെയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഉയർന്ന സ്കോറായ 254 നോട്ടൗട്ട് നേടിയത്. ഇതേവർഷം ബംഗ്ളാദേശിനെതിരെ ഈഡൻ ഗാർഡൻസിൽ 136 റൺസ് നേടിയശേഷം വിരാടിന്റെ ബാറ്റിൽ നിന്നൊരു ടെസ്റ്റ് സെഞ്ച്വറി പിറന്നത് 2023 മാർച്ചിൽ ഓസ്ട്രേലിയയ്ക്ക് എതിരെ അഹമ്മദാബാദിലാണ്. ഫോമിലല്ലാതിരുന്ന ഈ കാലയളവിലാണ് നായകസ്ഥാനത്തുനിന്നും പടിയിറങ്ങിയത്. പിന്നീട് അതേവർഷം പോർട്ട് ഒഫ് സ്പെയ്നിൽ വിൻഡീസിനെതിെരെയും 2024 നവംബറിൽ പെർത്തിൽ ഓസീസിനെതിരെയും ഓരോ സെഞ്ച്വറികൾ മാത്രമാണ് നേടാനായത്. ഈ വർഷമാദ്യം സിഡ്നിയിൽ ഓസീസിനെതിരെയായിരുന്നു അവസാന ടെസ്റ്റ്. ആ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 17 റൺസും രണ്ടാം ഇന്നിംഗ്സിൽ ആറ് റൺസും നേ‌ടി പുറത്തായി.

TAGS: NEWS 360, SPORTS, VIRAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.