വാഷിംഗ്ടൺ : അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് മിഷന്റെ ഭാഗമായ ആർട്ടെമിസ് - 2ലെ യാത്രികരെ നാസ പ്രഖ്യാപിച്ചു. കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് യാത്രികർ.
ഇവരിൽ ജെറമി ഹാൻസൻ കനേഡിയൻ സ്പേസ് ഏജൻസി പ്രതിനിധിയും മറ്റുള്ളവർ അമേരിക്കക്കാരുമാണ്. ആദ്യമായാണ് ഒരു ചാന്ദ്ര ദൗത്യത്തിൽ സഞ്ചാരികളായി ഒരു സ്ത്രീയേയും കറുത്ത വംശജനെയും തിരഞ്ഞെടുക്കുന്നത്. ഇന്നലെ ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന പരിപാടിയിലാണ് നാസ ഇവരെ പരിചയപ്പെടുത്തിയത്.
50ലേറെ വർഷങ്ങൾക്ക് ശേഷം മനുഷ്യരുമായി യാത്ര തിരിക്കുന്ന ആദ്യ ചാന്ദ്ര ദൗത്യമാണ് ആർട്ടെമിസ് 2. നാല് യാത്രികരും ചന്ദ്രനിൽ കാലുകുത്തില്ല. പകരം, ആർട്ടെമിസ് 2വിന്റെ ഒറിയോൺ പേടകത്തിൽ ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് 10 ദിവസത്തിന് ശേഷം തിരിച്ചെത്തും. ആർട്ടെമിസ് - 2, 2024 നവംബർ അവസാനം ഉണ്ടാകും.
ആർട്ടെമിസ് 2 വിജയിച്ചാൽ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും. ഇത് 2025ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം. ചന്ദ്രനിൽ ആദ്യമായി ഒരു വനിത, കറുത്ത വർഗ്ഗ വ്യക്തി എന്നിവരെ എത്തിക്കുകയാണ് ആർട്ടെമിസ് 3 യുടെ ലക്ഷ്യം. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്.
ടീം ആർട്ടെമിസ്
റോയൽ കനേഡിയൻ എയർ ഫോഴ്സിലെ ഫൈറ്റർ പൈലറ്റായിരുന്നു ജെറമി ഹാൻസൻ ( 47 ). ജെറമി ഒഴികെ മറ്റ് മൂന്ന് പേരും ഇതിന് മുന്നേ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.
നാസയുടെ ആസ്ട്രോനട്ട് ഓഫീസിന്റെ മുൻ തലവനാണ് റീഡ് വൈസ്മാൻ ( 47 ). 2015ൽ ഇദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തിരുന്നു.
2013ൽ നാസയുടെ ഭാഗമായ വിക്ടർ ഗ്ലോവർ ( 46 ) 2020ലാണ് ബഹിരാകാശ യാത്ര നടത്തിയത്. ഏറ്റവും കൂടുതൽ സമയം ( ആറ് മാസം ) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ആഫ്രിക്കൻ - അമേരിക്കൻ വംശജനാണ് ഇദ്ദേഹം.
ഇലക്ട്രിക്കൽ എൻജിനിയർ ആയ ക്രിസ്റ്റീന കോച്ച് ( 44 ) തുടർച്ചയായി ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് തങ്ങിയ വനിത ( 328 ദിവസം ) എന്ന റെക്കാഡിനുടമയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |