ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ശക്തമാക്കിയതോടെ ഗാസയിലെ പ്രധാന നഗരമായ ഗാസ സിറ്റിയിൽ പതിനായിരങ്ങൾ കുടുങ്ങി. ആക്രമണം തുടരുന്നതിനാൽ നഗരത്തിന് പുറത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവർ. പ്രാദേശിക സമയം ഇന്ന് ഉച്ചവരെയാണ് ഗാസ സിറ്റി വിട്ട് തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യാൻ ഇസ്രയേൽ ഇവർക്ക് നൽകിയ സമയം. ഇത് നീട്ടുമോ എന്ന് വ്യക്തമല്ല.
പട്ടിണിയും വ്യോമാക്രമണവും രൂക്ഷമായ തെക്കൻ ഗാസയിലേക്ക് പോകാൻ വിമുഖത കാട്ടുന്ന ആയിരക്കണക്കിന് പേർ ഇപ്പോഴും ഗാസ സിറ്റിയിലെ തകർന്ന കെട്ടിടങ്ങളിലും താത്കാലിക ടെന്റുകളിലുമായി കഴിയുന്നുണ്ട്. ഗാസ സിറ്റിയുടെ കിഴക്കൻ പ്രാന്ത പ്രദേശങ്ങൾ നിലവിൽ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഷെയ്ഖ് റദ്‌വാൻ,ടെൽ അൽ ഹവാ മേഖലകളിലൂടെ നഗരത്തിന്റെ മദ്ധ്യ ഭാഗം ലക്ഷ്യമാക്കിയാണ് ഇസ്രയേൽ കാലാൾപ്പടയും ടാങ്കുകളും പീരങ്കികളും നീങ്ങുന്നത്. വ്യോമാക്രമണങ്ങളും സമാന്തരമായി തുടരുന്നു.
ഇന്നലെ ഗാസയിലുടനീളം ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ശക്തമായ ആക്രമണത്തിനുള്ള മുന്നൊരുക്കമാണോ ഇതെന്ന് ജനങ്ങൾ ഭയപ്പെടുന്നു.
അതേസമയം, ഹമാസ് സാധാരണക്കാരെ യുദ്ധമേഖല വിട്ട് പോകാൻ അനുവദിക്കാതെ അവരെ മാനുഷിക കവചമായി ഉപയോഗിക്കുന്നെന്ന് ഇസ്രയേൽ ആരോപിച്ചു. ഇസ്രയേലിന്റെ ആരോപണം തള്ളിയ ഹമാസ്,ഗാസയിൽ സുരക്ഷിതമായ ഒരിടം പോലും ശേഷിക്കുന്നില്ലെന്ന് പറഞ്ഞു.
പട്ടിണി മരണം 435
24 മണിക്കൂറിനിടെ ഭക്ഷണം കിട്ടാതെ നാല് പേർ കൂടി മരിച്ചതോടെ ഗാസയിലെ പട്ടിണി മരണം 435 ആയി. ഇതിൽ 147 പേർ കുട്ടികളാണ്. ഇന്നലെ മാത്രം 42 പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ 35 പേർ ഗാസ സിറ്റിയിൽ മാത്രം കൊല്ലപ്പെട്ടവരാണ്. ആകെ മരണം 65,140 കടന്നു.
ഹമാസിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇപ്പോഴത്തെ തന്ത്റം. ഒന്നുകിൽ അത് ഒരു കരാറിലേക്ക് നയിച്ചേക്കാം അല്ലെങ്കിൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിലേക്ക് നയിച്ചേക്കാം.
- നദാവ് ഷോഷാനി,
വക്താവ്, ഇസ്രയേൽ സൈന്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |