ന്യൂഡൽഹി: ലോകത്തിലെതന്നെ ഏറ്റവും വലിയ റെയിൽ ഗതാഗതമുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിദിനം 13,000ൽ അധികം പാസഞ്ചർ ട്രെയിനുകളാണ് ഇന്ത്യയിൽ സർവീസുകൾ നടത്തുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രയാണ് നൽകുന്നത്. കുടുംബത്തോടൊപ്പമുളള ദീർഘദൂര യാത്രകൾക്ക് കൂടുതലാളുകളും റെയിൽ ഗതാഗതത്തെയാണ് തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിൽ സർവീസ് നടത്തുന്ന ഒട്ടുമിക്ക ട്രെയിനുകളിലും മുൻകൂട്ടി പണമടച്ചാൽ പാൻട്രി സർവീസുകൾ ലഭ്യമാകും. ഇതിലൂടെ മൂന്നുനേരവും യാത്രക്കാർക്കായി ഭക്ഷണം ലഭ്യമാകും. എന്നാൽ നമ്മുടെ രാജ്യത്ത് സർവീസ് നടത്തുന്ന ഒരു ട്രെയിനിൽ സൗജന്യ ഭക്ഷണം ലഭിക്കുമെന്നുപറഞ്ഞാൽ വിശ്വസിക്കുമോ?
സച്ച്ഖണ്ഡ് എക്‌സ്‌പ്രസ് (12715) ട്രെയിനിലാണ് യാത്രക്കാർക്കായി സൗജന്യ ഭക്ഷണം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ ട്രെയിനിൽ സൗജന്യ ഭക്ഷണം നൽകാറുണ്ടെന്നാണ്. അതിനായി ട്രെയിൻ കടന്നുപോകുന്ന വിവിധ സ്റ്റേഷനുകളിൽ ലങ്കാറും (കമ്യൂണിറ്റി കിച്ചൺ) പ്രവർത്തിക്കുന്നുണ്ട്. കാദി- ചാവൽ, ദാൽ, സബ്സി പോലുളള വെജിറ്റേറിയൻ വിഭവങ്ങളാണ് കൂടുതലും നൽകാറുളളത്.
അമൃത്സറിനും നന്ദേഡിനും ഇടയിലാണ് ( 2,0181 കിലോമീറ്റർ) സച്ച്ഖണ്ഡ് എക്‌സ്‌പ്രസ് സർവീസ് നടത്തുന്നത്. ഇന്ത്യയിലെ പ്രമുഖ സിഖ് മത കേന്ദ്രങ്ങളായ അമൃത്സറിലെ ശ്രീ ഹർമന്ദിർ സാരിബിനെയും നന്ദേഡിലെ ശ്രീ ഹസൂർ സാഹിബിനെയും ബന്ധിപ്പിക്കുന്നു. ഡൽഹി, ഭോപ്പാൽ, പർഭാനി, ജൽന, ഔറംഗാബാദ്, മറാത്ത്‌വാഡ എന്നിവിടങ്ങളിലെ ആറ് പ്രധാന സ്റ്റേഷനുകളിലാണ് സൗജന്യ ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ദിവസവും 2000ൽ അധികം പേർക്കാണ് ഭക്ഷണം നൽകുന്നത്.
ഗുരുദ്വാരകളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ ഉപയോഗിച്ചാണ് ഈ ഭക്ഷണത്തിന്റെ ചെലവ് വഹിക്കുന്നത്. ട്രെയിനിൽ ഭക്ഷണം സൗജന്യമാണെങ്കിലും, ഭക്ഷണം കഴിക്കാൻ യാത്രക്കാർ സ്വന്തം പാത്രങ്ങൾ കൊണ്ടുപോകണമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |