ന്യൂഡൽഹി: പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ പ്രതിരോധ കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന് പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാനോ സൗദിക്കോ എതിരെയുള്ള ആക്രമണത്തെ ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ.
കരാർ സംബന്ധിച്ച കാര്യങ്ങൾ പഠിച്ചുവരികയാണെന്നും ഇന്ത്യയുടെ സുരക്ഷയെ കരാർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ദേശീയ താത്പര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ മേയ് 7ന് രാവിലെ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി എദൽ അൽ ജുബൈർ ന്യൂഡൽഹിയിലെത്തിയിരുന്നു. തുടർന്ന് അദ്ദേഹം പാകിസ്ഥാനും സന്ദർശിച്ചിരുന്നു.
# കരാർ ദോഹ ആക്രമണത്തിന് പിന്നാലെ
ഖത്തറിലെ ദോഹയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് സൗദി ആണവരാജ്യമായ പാകിസ്ഥാനുമായി കരാറിലേർപ്പെട്ടത്
ബുധനാഴ്ച റിയാദിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നടത്തിയ ചർച്ചയ്ക്കിടെ കരാറിൽ ഒപ്പുവച്ചു. പാക് സേനാ മേധാവി അസീം മുനീറും പങ്കെടുത്തു
പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും സംയുക്ത പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും ധാരണ
15ന് ദോഹയിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും പങ്കെടുത്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |