ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിന് ശക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണം.
ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്നും അത് വരാനിരിക്കുന്നതേയുള്ളൂവെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം തുടങ്ങിയത്. കാലാകാലങ്ങളായി വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ചിലർ ദശലക്ഷക്കണക്കിന് ജനങ്ങളെ ലക്ഷ്യം വയ്ക്കുകയാണ്. പ്രതിപക്ഷത്തിന് കൂടുതലായി വോട്ടുചെയ്യുന്ന ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, ഒബിസി എന്നിവരെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.
കർണാടകയിൽ 6018 വോട്ടർമാരെ നീക്കം ചെയ്യാൻ ചിലർ ശ്രമിച്ചു. ഇത് ചെയ്തയാളെ അപ്രതീക്ഷിതമായി പിടികൂടി. അലന്ദ് മണ്ഡലത്തിൽ ആൾമാറാട്ടം നടത്തിയാണ് പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ചത്. യഥാർത്ഥയാൾ അറിയാതെ തിരഞ്ഞെടുപ്പ് അപേക്ഷകൾ ഓൺലൈനായി നൽകിയും, കർണാടകത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകളിലൂടെയുമാണ് തിരിമറി നടത്തിയത്. കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. അലന്ദിൽ ഗോദാബായ് എന്നയാളുടെ പേരിൽ വ്യാജമായി ലോഗിൻ ചെയ്ത് 12 വോട്ടുകൾ നീക്കം ചെയ്തു. എന്നാൽ ഇത്തരത്തിൽ താൻ ചെയ്തിട്ടില്ലെന്നും അതിനായി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വയോധിക പറഞ്ഞു. വോട്ടുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറുകളും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. ഇവയൊന്നും കർണാടകയിൽ നിന്നുള്ളതല്ലെന്നും മറ്റുപല സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ നമ്പറുകളാണ് ഇത്? ആരാണ് ഇവയിൽ ഒടിപി നമ്പർ നൽകിയത്? സൂര്യകാന്ത് എന്നയാളും 12 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.
പിന്നാലെ വേദിയിലേയ്ക്ക് സൂര്യകാന്തിനെയും വോട്ടുകൾ നീക്കം ചെയ്യപ്പെട്ടവരെയും രാഹുൽ ഗാന്ധി വിളിച്ചുവരുത്തി. താൻ വോട്ടുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകിയിട്ടില്ലെന്നും ഇതിൽ പരാതി നൽകിയതായും സൂര്യകാന്ത് വ്യക്തമാക്കി. നാഗരാജ് എന്നയാൾ 36 സെക്കന്റിൽ രണ്ട് വോട്ടുകളാണ് നീക്കം ചെയ്തതെന്നും അദ്ദേഹം തെളിവുകൾ പ്രദർശിപ്പിച്ചു. വോട്ടുകൾ നീക്കം ചെയ്യുന്നത് സോഫ്‌ട്‌വെയറുകൾ ഉപയോഗിച്ചാണ്. ഓട്ടോമേറ്റഡ് പ്രോഗ്രാം ആണ് ഇതിനായി ഉപയോഗിച്ചത്. കോൾ സെന്ററുകളാണ് ഇവ ചെയ്തത്. ഇത് ആസൂത്രണം ചെയ്ത് നടത്തിയതാണ്.
കർണാടകയിൽ ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. 18 മാസത്തിനിടെ 18 കത്തുകളാണ് കർണാടകയിലെ സിഐഡി തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചത്. വോട്ടുകൾ നീക്കം ചെയ്യാനുള്ള അപേക്ഷകൾ നൽകിയ ഡിവൈസ് ഡെസ്റ്റിനേഷൻ പോർട്ടുകൾ തരണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ കർണാടക സിഐഡി ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് നൽകുന്നില്ല. എന്തുകൊണ്ട് നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
വോട്ടുകൾ നീക്കം ചെയ്യുന്നത് ആരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയാം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഹാരാഷ്ട്രയിലും ഇത് നടന്നു. 6850 വോട്ടുകളാണ് രജുറ മണ്ഡലത്തിൽ നിന്ന് നീക്കം ചെയ്തത്. ഹരിയാനയിലും ഉത്തർപ്രദേശിലും ഇത്തരത്തിൽ വോട്ടുകൾ നീക്കം ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |