ന്യൂഡൽഹി: ഏഴടി ഉയരത്തിൽ തല തകർന്ന നിലയിലുള്ള പുരാതന വിഷ്‌ണു വിഗ്രഹത്തെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് രണ്ടു ദിവസം മുമ്പ് നടത്തിയ പരാമർശം വിവാദമായി. ഭഗവാൻ വിഷ്‌ണുവിന്റെ കടുത്ത വിശ്വാസിയല്ലേ? അവിടെ പോയി പ്രാർത്ഥിക്കൂ, പരാതി പറയൂവെന്നായിരുന്നു ഹർജിക്കാരനോടുള്ള പരാമർശം. മദ്ധ്യപ്രദേശ് ഖജുരാഹോ ചരിത്രസ്‌മാരക മേഖലയിലെ ജാവരി ക്ഷേത്രത്തിലാണ് പുരാതന വിഗ്രഹം. ആർക്കിയോളജിക്കൽ സർവേയുടെ അനുമതി ആവശ്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരാകരിക്കുകയുംചെയ്തു.
ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായ ആക്ഷേപം ഉയർന്നതോടെ.ഇന്നലെ മറ്റൊരു കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി. സാമൂഹിക മാദ്ധ്യമങ്ങളിൽ തന്റെ പരാമർശം സംബന്ധിച്ച് പലതും വരുന്നുണ്ടെന്ന് അറിയുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. സോഷ്യൽ മീഡിയ, ആന്റി സോഷ്യൽ മീഡിയ ആയി മാറിയിരിക്കുകയാണെന്ന് ബെഞ്ചിലെ മലയാളി ജഡ്‌ജി കെ.വിനോദ് ചന്ദ്രൻ പറഞ്ഞു.
പത്തു വർഷമായി ചീഫ് ജസ്റ്റിസിനെ അറിയാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. രാകേഷ് ദലാൽ എന്ന വിശ്വാസിയാണ് ഹർജിക്കാരൻ. വിഗ്രഹം നന്നാക്കാൻ പലതവണ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |