വാഷിംഗ്ടണ്‍ ഡി.സി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്. ബോയിംഗ് വിമാനക്കമ്പനിക്കും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരെയാണ് കേസ്. വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബമാണ് ഡെലെവെയറിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങള്‍ ആരോപിക്കുന്നത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകേണ്ട വിമാനമാണ് പറന്നയുര്‍ന്നതിന് പിന്നാലെ തകര്‍ന്ന് വീണത്. ബോയിംഗിന്റെ ഡ്രീംലൈനര്‍ 787-8 വിമാനം തകര്‍ന്ന് വീണ അപകടത്തില്‍ 260 പേരാണ് മരിച്ചത്. കോക്ക്പിറ്റിലെ ഇന്ധന സ്വിച്ച് ഓഫാക്കുകയോ കാണാതാകുകയോ ചെയ്തതാകാം അപകടത്തിന് പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതാദ്യമായിട്ടാണ് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്യുന്നത്.
അപകടത്തില്‍ മരിച്ചവരില്‍ കാന്തബെന്‍ ധീരുഭായ് പഘടല്‍, നവ്യ ചിരാഗ് പഘടല്‍, കുബേര്‍ഭായ് പട്ടേല്‍, ബാബിബെന്‍ പട്ടേല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |