ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ അജയ് ബാംഗയെ ലോകബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോക ബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. 63കാരനായ അജയ് ബാംഗയെ യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് ലോക ബാങ്കിന്റെ പ്രസിഡന്റാകാൻ നാമനിർദ്ദേശം ചെയ്‌തത്. നിലവിൽ അമേരിക്കൻ കമ്പനിയായ ജനറൽ അറ്റ്‌ലാൻഡികിന്റെ വൈസ് ചെയർമാനായ അജയ്ബാംഗ മാസ്‌റ്റർകാർഡിന്റെ മുൻ സി.ഇ.ഒയാണ്. 2007 മുതൽ ബാംഗ യു.എസ് പൗരനാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ - അമേരിക്കൻ നോമിനിയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. പൂനെയിലെ ഒരു സിഖ് കുടുംബത്തിൽ ജനിച്ച ബാംഗയുടേ വേരുകൾ പഞ്ചാബിലാണ്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ്, അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം 1981ൽ നെസ്‌ലെയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പെപ്സികോയിൽ പ്രവർത്തിച്ചു. 2016ൽ അജയ് ബാംഗയെ പത്മ ശ്രീ നൽകി ഇന്ത്യ ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് ലോകത്ത് സജീവമായ ബാംഗ മാസ്റ്റർകാർഡ്, ബോർഡ് ഒഫ് ദ അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ് തുടങ്ങിയവയിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 2010 മുതൽ 2020 വരെയാണ് ബാംഗ മാസ്റ്റർകാർഡിന്റെ സി.ഇ.ഒ പദവിയിൽ തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |