കീവ്: വടക്കു കിഴക്കൻ യുക്രെയിനിൽ സാധാരണക്കാർ സഞ്ചരിച്ച മിനി ബസിന് നേരെ ഡ്രോൺ ആക്രമണം നടത്തി റഷ്യ. 9 പേർ കൊല്ലപ്പെട്ടു. 7 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ സുമി പ്രവിശ്യയിലെ ബിലോപില്ലിയയിലായിരുന്നു സംഭവം. റഷ്യ ബോധപൂർവ്വം സാധാരണക്കാരെ കൊല്ലുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു. ആക്രമണത്തെ പറ്റി റഷ്യ പ്രതികരിച്ചിട്ടില്ല. എന്നാൽ സുമിയിലെ ഒരു സൈനിക മേഖലയെ തങ്ങളുടെ സൈന്യം ആക്രമിച്ചെന്ന് ചില റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുർക്കിയിലെ ഇസ്താംബുളിൽ നടന്ന റഷ്യ-യുക്രെയിൻ സമാധാന ചർച്ച അവസാനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് റഷ്യയും യുക്രെയിനും നേരിട്ട് ചർച്ചയ്ക്ക് തയ്യാറായത്. എന്നാൽ സെലെൻസ്കിയോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോ പങ്കെടുക്കാത്തതിനാൽ ചർച്ച ഫലപ്രദമായില്ല. വെടിനിറുത്തലിന് ധാരണയായില്ലെങ്കിലും 1,000 യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറാൻ ഇരുകൂട്ടരും ധാരണയായി.
പുട്ടിനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലെൻസ്കി അറിയിച്ചിട്ടുണ്ട്. എന്നാൽ നിശ്ചിത വ്യവസ്ഥകളിൽ ധാരണയായാൽ മാത്രമേ അത് സാദ്ധ്യമാകൂ എന്നാണ് റഷ്യയുടെ നിലപാട്. പുട്ടിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളിൽ പുരോഗതിയുണ്ടാകൂ എന്ന് മദ്ധ്യസ്ഥത വഹിക്കുന്ന യു.എസും പറയുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനിൽ ആക്രമണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |