വാഷിംഗ്ടൺ: അടുത്തിടെയാണ് കുപ്രസിദ്ധമായ അൽകട്രാസ് തടവറ വീണ്ടും തുറക്കാനും വിപുലീകരിക്കാനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത്. സാൻഫ്രാൻസിസ്കോ ബേയിലെ ചെറുദ്വീപാണ് അൽകട്രാസ്. ദ്വീപിന്റെ പേര് തന്നെയാണ് ഇവിടുത്തെ തടവറയ്ക്കും. ഒരിക്കലും ആർക്കും രക്ഷപ്പെടാനാകില്ലെന്ന് ഉറച്ചു വിശ്വസിച്ച ലോകത്തെ ഏറ്റവും ഭയാനകമായ തടവറ. തടവറയ്ക്ക് ചുറ്റും സ്രാവുകൾ വസിക്കുന്ന കൊടുംതണുപ്പോട് കൂടിയ കടലാണ്. ആദ്യം മിലിട്ടറി ജയിലായിരുന്ന ഇത് 1934 മുതൽ കൊടും കുറ്റവാളികൾക്കുള്ള ഫെഡറൽ ജയിലാക്കി മാറ്റുകയായിരുന്നു. 1963ൽ മ്യൂസിയമാക്കി മാറ്റുന്നതുവരെ അത് തുടർന്നു.
29 വർഷം ഫെഡറൽ ജയിലായിരിക്കെ 41 തടവുകാരാണ് അൽകട്രാസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിൽ 26 പേരെ പിടികൂടി. 7 പേർ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചു. 3 പേർ ചുറ്റുമുള്ള കടലിലെ കൊടുംതണുപ്പിൽ മുങ്ങി മരിച്ചു. 5 പേരെ കണ്ടെത്തിയിട്ടില്ല. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പേരാണ് ഫ്രാങ്ക് മോറിസ്, ക്ലാരൻസ് ആംഗ്ലിൻ, ജോൺ ആംഗ്ലിൻ എന്നിവർ.
മോഷണത്തെ തുടർന്ന് 1960ൽ അൽകട്രാസിലെത്തിയ മോറിസിന് 14 വർഷമായിരുന്നു ശിക്ഷ. ബാങ്ക് മോഷണത്തിന് ആദ്യം അറ്റ്‌ലാൻഡ ജയിലിലായിരിക്കെ തടവ് ചാടിയ ആംഗ്ലിൻ സഹോദരൻമാരെ അൽകട്രാസിലേക്ക് കൊണ്ടുവരികയായിരുന്നു. അൽകട്രാസിലെ അടുത്തടുത്ത സെല്ലുകളിലായിരുന്നു മോറിസും ആംഗ്ലിൻ സഹോദരൻമാരും.
ഞെട്ടിക്കുന്ന പദ്ധതി
1961ലാണ് ജയിൽച്ചാട്ടത്തിനുള്ള പദ്ധതി ഇവർ ആരംഭിച്ചത്. അടുത്ത സെല്ലിലെ അലൻ വെസ്റ്റ് എന്നയാളും ഇവർക്കൊപ്പമുണ്ടായിരുന്നു. അവരുടെ സെല്ലിന് പിറകിൽ അഴുക്കുവെള്ളവും മറ്റും ഒഴുക്കിക്കളയാനുള്ള പൈപ്പുകളും മറ്റും കൂട്ടിയിട്ടിരുന്ന ഒരു ഇടനാഴിയായിരുന്നു. ഉപയോഗശൂന്യമായ വഴിയായിരുന്നു ഇത്. ആദ്യം സെല്ലിന്റെ ഭിത്തി തുരന്ന് ഇടനാഴിയിലെത്താനായിരുന്നു അവരുടെ പദ്ധതി. കോൺക്രീറ്റ് ഭിത്തി തുരക്കാൻ അവർ കണ്ടെത്തിയ പ്രധാന ആയുധം അടുക്കളയിൽ നിന്ന് മോഷ്ടിച്ച സ്പൂണുകളായിരുന്നു.
മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തങ്ങൾ ശേഖരിച്ച ആയുധങ്ങൾക്കൊണ്ട് സെല്ലിലെ വെന്റിലേറ്ററിനെ ഒരാൾക്ക് നുഴഞ്ഞിറങ്ങാൻ പാകത്തിനൊത്ത ദ്വാരമാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു. പുറത്ത് നിന്ന് ഉദ്യോഗസ്ഥർ കാണാതിരിക്കാൻ ഭിത്തിയുടെ അതേ നിറം പൂശിയ ഒരു കാർഡ്ബോർഡ് കൊണ്ട് ദ്വാരം മറച്ചിരുന്നു. രാത്രിയായിരുന്നു സ്പൂൺ ഉപയോഗിച്ച് ഭിത്തി തുരന്നിരുന്നത്. മറ്റുള്ളവർ ഭിത്തി തുരക്കുന്നതിന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ നാല് പേരും പരസ്പരം സിഗ്നലുകൾ നൽകുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്തിരുന്നു. അൽകട്രാസിൽ രാത്രിയിൽ നിശ്ചിത സമയം വാദ്യോപകരണങ്ങൾ വായിക്കാൻ തടവുകാരെ അനുവദിച്ചിരുന്നു.
പകൽ സമയം തടവുപുള്ളികൾക്ക് ഓരോരോ ജോലികൾ നൽകിയിരുന്നു. ഇതിനിടെയിൽ ജയിൽച്ചാട്ടത്തിനാവശ്യമായ മറ്റ് സജ്ജീകരണങ്ങൾ ഒരുക്കാനും നാല് പേരും ശ്രദ്ധിച്ചിരുന്നു. രക്ഷപ്പെടാനുള്ള ചങ്ങാടം നിർമ്മിക്കാൻ ജയിലിൽ നിന്ന് റെയ്‌ൻകോട്ടുകൾ മോഷ്ടിച്ചു. ടോയ്‌ലറ്റ് പേപ്പർ, പ്ലാസ്റ്റർ, ജയിലിലെ ബാർബർ ഷോപ്പിൽ നിന്ന് മോഷ്ടിച്ച മുടി എന്നിവ കൊണ്ട് കൃത്രിമ മനുഷ്യ തല നിർമ്മിച്ച് പെയിന്റടിച്ചു. അങ്ങനെ എല്ലാം സെറ്റ്.! മാസങ്ങൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ആ ദിനം വന്നെത്തി; 1962 ജൂൺ 11.
പുറംലോകത്തേക്ക്
രാത്രി എല്ലാവരും ഉറങ്ങിയ ശേഷം തങ്ങൾ നിർമ്മിച്ച ഡമ്മി രൂപങ്ങൾ കിടക്കയിൽ വച്ച ശേഷം ഭിത്തിയിൽ തുരന്നുവച്ചിരുന്ന ദ്വാരത്തിലൂടെ ഇടനാഴിയിലേക്ക് അവർ കടന്നു. എന്നാൽ, അലൻ വെസ്റ്റിന് ദ്വാരത്തിലൂടെ കടക്കാനായില്ല. സമയം വൈകിയതോടെ മോറിസും ആംഗ്ലിൻ സഹോദരൻമാരും മുന്നോട്ട് പോകാൻ തീരുമാനിച്ചു. റെയ്‌ൻ കോട്ടുകൾ മോഷ്ടിച്ച കാര്യം മുമ്പ് പറഞ്ഞല്ലോ. അതവർ ഇവരുടെ സെല്ലിന്റെ ബ്ലോക്കിന് മുകളിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ശേഖരിച്ചുവച്ചത്. അതുകൊണ്ട് അവർ കാറ്റ് നിറയ്ക്കാൻ പറ്റുന്ന ചടങ്ങാടവും ലൈഫ് ജാക്കറ്റിന്റെ മാതൃകയും നിർമ്മിച്ചിരുന്നു.
ജയിലിലെ ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നാണ് ഈ വിദ്യ ഇവർ മനസിലാക്കിയത്. മോറിസും ആംഗ്ലിൻ സഹോദരൻമാരും ബ്ലോക്കിന് മുകളിലെത്തി ഇവ ശേഖരിച്ച ശേഷം ജയിലിന്റെ മേൽക്കൂരയിലെത്തി. 50 അടി ഉയരത്തിലുള്ള മതിലും മുള്ളുകമ്പി വേലികളും കടന്ന് കടൽത്തീരത്തെത്തി. സമയം ഒട്ടും പാഴാക്കാതെ മൂവരും കൂരാകൂരിരുട്ടിൽ സ്രാവുകൾ പതുങ്ങിയിരിക്കുന്ന കടലിലൂടെ യാത്ര തുടങ്ങി.
അവരെവിടെ ?
പിറ്റേ ദിവസം രാവിലെ മൂവരും ഉണരാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിലുണ്ടായിരുന്നത് വെറും ഡമ്മികളാണെന്ന് അധികൃതർ കണ്ടെത്തിയത്. വൈകാതെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടൽ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും മൂവരുടെയും പൊടിപോലുമില്ല. എന്നാൽ, അൽകട്രാസ് ദ്വീപിന് രണ്ട് മൈൽ അകലെയുള്ള ഏഞ്ചൽ ഐലൻഡിൽ നിന്ന് ചങ്ങാടം കണ്ടെത്തി. ഒപ്പം ആംഗ്ലിൻ സഹോദരൻമാരുടെ ബാഗും. അതിൽ അവരുടെ ഫോട്ടോകളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിലാസങ്ങളുമുണ്ടായിരുന്നു. പക്ഷേ, അവരെവിടെ ?
അന്വേഷണം തുടരുന്നു
17 വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 1979ൽ കേസിന്റെ അന്വേഷണം എഫ്.ബി.ഐ അവസാനിപ്പിച്ചു. മൂന്ന് പേരും ചങ്ങാടം തകർന്ന് മരിച്ചിരിക്കാമെന്നായിരുന്നു നിഗമനം. എങ്കിലും അവർ രക്ഷപ്പെട്ടിരിക്കാമെന്നും വേഷം മാറി സ്വതന്ത്രമായി ജീവിക്കുന്നുണ്ടാകാമെന്നും ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിച്ചു.
ആംഗ്ലിൻ സഹോദരൻമാർ ബ്രസീലിലുണ്ടെന്നും ജയിൽച്ചാട്ടത്തിന് ശേഷം തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ചില ബന്ധുക്കൾ പറഞ്ഞെങ്കിലും ശക്തമായ തെളിവുകളില്ലായിരുന്നു. യു.എസ് മാർഷൽസ് സർവീസ് ഇന്നും അൽകട്രാസ് കേസുമായി മുന്നോട്ട് പോവുകയാണ്. മോറിസും ആംഗ്ലിൻ സോഹദരൻമാരും ശരിക്കും രക്ഷപ്പെട്ടോ ? അതോ മരിച്ചോ ? അവിശ്വസനീയമായ ആ ജയിൽച്ചാട്ടത്തിന്റെ രഹസ്യം ആർക്കും പിടിതരാതെ ഇന്നും അവശേഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |