വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായാൽ അത് ധനസഹായത്തെ ബാധിക്കുമെന്ന് പാകിസ്ഥാനോട് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). ധനസഹായം ലഭിക്കാൻ പാകിസ്ഥാനു മുന്നിൽ 11 കർശന ഉപാധികളാണ് വച്ചിട്ടുള്ളത്. വാർഷിക ബഡ്ജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഈ തുകയിൽ 1,07,000 കോടി വികസന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണം. വൈദ്യുതി ബില്ലുകളിൽ ഉയർന്ന കടം സേവന സർചാർജുകൾ നടപ്പിലാക്കണം, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യണം, പാകിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും കൃഷി വരുമാന നികുതി ജൂണിനു മുൻപ് നടപ്പാക്കണം, ഭരണപരമായ നയരൂപീകരണത്തിന് പ്രവർത്തന പദ്ധതി തയ്യാറാക്കണം, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീർഘകാല പദ്ധതികളുടെ രൂപരേഖ (2028 മുതൽ നടപ്പാക്കുന്ന) തയാറാക്കണം, ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം തുടങ്ങിയ ഉപാധികളാണ് ഐ.എം.എഫ് മുന്നോട്ടുവച്ചത്.
ഇതോടെ ധനസഹായത്തിനായി പാകിസ്ഥാന് മുന്നിൽ ഐ.എം.എഫ് വയ്ക്കുന്ന ഉപാധികൾ 50 ആയി. പാകിസ്ഥാനിലെ വിപണിയെയും നിക്ഷേപങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നവയാണ് ഈ ഉപാധികൾ. ഇന്ത്യ-പാക് സംഘർഷം തുടരുന്ന നിലയുണ്ടായാൽ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികൾ ലക്ഷ്യം കാണുന്നതിൽ ഭീഷണി നേരിടും എന്ന കർശന സന്ദേശം ഐ.എം.എഫ് പാകിസ്ഥാന് നൽകുന്നു.
2,414 ബില്യൺ പാകിസ്ഥാനി രൂപയാണ് വരാനിരിക്കുന്ന പ്രതിരോധ ബഡ്ജറ്റ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വർദ്ധനയാണിത്. ഇതിന് അപ്പുറത്ത് ഈ മാസം ആദ്യം പാക് സർക്കാർ പ്രതിരോധ ബഡ്ജറ്റ് വിഹിതം ഉയർത്തിയിരുന്നു. 2,500 ബില്യൺ രൂപ ഇതിനായി നീക്കിവയ്ക്കാനായിരുന്നു നീക്കം. ഏകദേശം 18 ശതമാനം വർദ്ധനയാണ്. ഐ.എം.എഫ് നിർദേശങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കം.
ഇന്ത്യ-പാക് സംഘർഷത്തിനിടെ പാകിസ്ഥാന് ധനസഹായം അനുവദിച്ച ഐ.എം.എഫ് നടപടിയിൽ പ്രതിഷേധം ഉയർന്നിരുന്നു. നീക്കം പുനരാലോചിക്കണമെന്നും ഫണ്ടിന്റെ വലിയൊരു ഭാഗം ഭീകരവാദം വളർത്താനാണ് അവർ ഉപയോഗിക്കുന്നതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ പ്രതികരിച്ചിരുന്നു.
വീണ്ടും ഇന്ത്യയെ അനുകരിച്ച് പാകിസ്ഥാൻ
ഇന്ത്യയെ അനുകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധി സംഘത്തെ അയയ്ക്കാൻ പാകിസ്ഥാൻ. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാനും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിർദ്ദേശപ്രകാരം പ്രതിനിധി സംഘത്തെ നയിക്കുക.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ നടത്തിയ സന്ദർശനം ഷെഹ്ബാസ് 'കോപ്പിയടിച്ചത്" വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈനിക മേധാവികൾ നടത്തിയ പത്രസമ്മേളനവും പാകിസ്ഥാൻ അനുകരിക്കാൻ ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |