വാഷിംഗ്ടൺ: യു.എസിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു. യാരോൺ ലിസ്ചിൻസ്കി, സാറ ലിൻ മിൽഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 9.08ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 6.38) വാഷിംഗ്ടൺ ഡി.സിയിലുള്ള ജൂത മ്യൂസിയത്തിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് ഇരുവർക്കും വെടിയേറ്റത്.
പ്രതി ഷിക്കാഗോ സ്വദേശി ഏലിയാസ് റൊഡ്രിഗ്വേസിനെ (30) പൊലീസ് പിടികൂടി. പാലസ്തീനെ മോചിപ്പിക്കണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു ആക്രമണം. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം അന്വേഷണം ആരംഭിച്ചു. യാരോണും സാറയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.
അതേസമയം, ആക്രമണത്തെ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം രംഗത്തെത്തി. ലോകമെമ്പാടുമുള്ള ഇസ്രയേൽ എംബസികളുടെയും ജീവനക്കാരുടെയും സുരക്ഷ കൂട്ടുമെന്ന് നെതന്യാഹു അറിയിച്ചു. ആക്രമണം അതീവ ദുഃഖകരമാണെന്നും ജൂതവിരുദ്ധ ആക്രമണങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |