ധാക്ക: ബംഗ്ലാദേശിൽ സൈന്യവുമായി ഭിന്നത മുറുകുന്നതിനിടെ മുഹമ്മദ് യൂനുസ് (84) ഇടക്കാല സർക്കാരിന്റെ തലപ്പത്ത് നിന്ന് ഒഴിഞ്ഞേക്കുമെന്ന് സൂചന. രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പിന്തുണ ലഭിക്കാത്തതും പട്ടാള അട്ടിമറി സാദ്ധ്യത മുന്നിൽ കണ്ടുമാണ് യൂനുസ് രാജി ആലോചിക്കുന്നത്. പാർട്ടികൾ പിന്തുണച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് യൂനുസ് ക്യാബിനറ്റിനോട് ഭീഷണി മുഴക്കിയെന്നാണ് വിവരം. മുൻ പ്രധാനമന്ത്റി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാരിനെതിരെ ബുധനാഴ്ച ധാക്കയിൽ വമ്പൻ റാലി നടത്തിയിരുന്നു. ആദ്യമായാണ് യൂനുസ് സർക്കാരിനെതിരെ ബി.എൻ.പി രംഗത്തെത്തിയത്. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ പിന്തുണ അവസാനിപ്പിക്കുമെന്ന് ബി.എൻ.പി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ വ്യക്തമായ രൂപരേഖ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, യൂനുസ് രാജിവയ്ക്കില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കാൻ അദ്ദേഹം വേണമെന്നും ക്യാബിനറ്റ് അംഗം ഫൈസ് അഹ്‌മ്മദ് പറഞ്ഞു.
കൈവിട്ട് സൈന്യം
പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ (പ്രത്യേകിച്ച് രാജ്യ സുരക്ഷ സംബന്ധിച്ച്) കൂടിയാലോചന സർക്കാർ നടത്താത്തതിൽ സൈനിക മേധാവി ജനറൽ വാക്കർ-ഉസ്-സമന് കടുത്ത അതൃപ്തിയുണ്ട്. താത്കാലിക സംവിധാനമായ യൂനുസ് സർക്കാരിന്റെ വിദേശ ഇടപെടലുകളുടെ നിയമ സാദ്ധ്യതയും ചോദ്യം ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഡിസംബറിനകം നടത്തണമെന്ന് വാക്കർ മുന്നറിയിപ്പ് നൽകി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങുകയാണെന്നും സ്ഥിതി അനുദിനം വഷളാവുകയാണെന്നും വാക്കർ പറയുന്നു.
യൂനുസിന് തലവേദന
1. സൈന്യവുമായി ഭിന്നത
2. രാജ്യത്തിന്റെ ക്ഷേമത്തിനായി ശ്രമമില്ലെന്ന് ആരോപണം
3. തിരഞ്ഞെടുപ്പ് 2026 ജൂണിനകം നടത്താമെന്ന യൂനുസിന്റെ തീരുമാനത്തോട് ബി.എൻ.പിയ്ക്ക് എതിർപ്പ്
4. പ്രക്ഷോഭങ്ങൾക്കും സൈനിക അട്ടിമറിക്കും സാദ്ധ്യത
2024 - ഹസീനയുടെ പതനവും
യൂനുസിന്റെ ഉദയവും
ആഗസ്റ്റ് 5 - പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടി. സർക്കാർ ജോലികളിലെ സംവരണത്തെ ചൊല്ലിയുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭം ഭരണവിരുദ്ധ കലാപമായി മാറിയിരുന്നു. പ്രക്ഷോഭം ശക്തമായതോടെ ഹസീന രാജിവയ്ക്കണമെന്ന് സൈന്യം അന്ത്യശാസനം നൽകി
ആഗസ്റ്റ് 8 - സമാധാന നോബൽ ജേതാവായ യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റു. മന്ത്രിമാർക്ക് തുല്യമായ അംഗങ്ങൾ അടങ്ങിയ അഡ്വൈസറി കൗൺസിലിന്റെ തലവനായാണ് (പ്രധാനമന്ത്രിക്ക് തുല്യം) ചുമതലയേറ്റത്
യൂനുസ് രാജി ആലോചിക്കുന്നുണ്ട്. തനിക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം കരുതുന്നു.
- നഹീദ് ഇസ്ലാം,
നാഷണൽ സിറ്റിസൺ പാർട്ടി
(ഇടക്കാല സർക്കാരിലെ മുൻ അംഗം. വിദ്യാർത്ഥി നേതാവ്. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |