വാഷിംഗ്ടൺ: 'സ്വതന്ത്ര ബലൂചിസ്ഥാൻ പ്രസ്ഥാനത്തെ " പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മുൻ മന്ത്രിയായ ഡോ. താര ചന്ദ്. ബലൂച് വംശജരുടെ അവകാശങ്ങൾക്കായി വാഷിംഗ്ടൺ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബലൂച് അമേരിക്കൻ കോൺഗ്രസിന്റെ (ബി.എ.സി) പ്രസിഡന്റാണ് താര ചന്ദ്. അധികൃതരുടെ നിരന്തര വേട്ടയാടലിനെ തുടർന്ന് പാകിസ്ഥാൻ വിട്ട ഇദ്ദേഹം നിലവിൽ യു.എസിലാണ്.
തിരോധാനങ്ങൾ, പീഡനം, വംശഹത്യ തുടങ്ങി ദശാബ്ദങ്ങളായി പാക് ഭരണകൂടത്തിൽ നിന്ന് ബലൂച് ജനത നേരിടുന്ന ക്രൂരതകളെ അപലപിച്ച താര ചന്ദ്, പിന്തുണ തേടി മോദിക്ക് ഒദ്യോഗികമായി കത്തയച്ചു. സ്വതന്ത്ര ബലൂചിസ്ഥാൻ, സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് അനുഗ്രഹമായിരിക്കുമെന്നും നീതിക്കായി തങ്ങൾക്കൊപ്പം നിൽക്കണമെന്നും താര ചന്ദ് അഭ്യർത്ഥിച്ചു. 'ബലൂചിസ്ഥാനിൽ ഒരു കൊളോണിയൽ ശക്തിയെ പോലെ ചൈന നടത്തുന്ന ഇടപെടൽ അപകടകരമാണ്. ബലൂച് ദേശീയ വിമോചന പ്രസ്ഥാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാത്തത് നിരാശാജനകമാണ്. ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് പുറത്ത്, അധിനിവേശ ബലൂചിസ്ഥാനിൽ പാക് ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് വളരെക്കുറച്ച് മാത്രമേ അംഗീകാരമുള്ളൂ. ഈ സാഹചര്യത്തെ കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്താൻ ഇന്ത്യ സഹായിക്കണം. സിന്ധു നദീജല കരാർ നിറുത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ധീരവും പാകിസ്ഥാന് ശക്തമായ സന്ദേശം നൽകുന്നതുമാണ്. ഇന്ത്യൻ നേതൃത്വത്തെ ബലൂച് ജനത വലിയ പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടെയുമാണ് വീക്ഷിക്കുന്നത്"- താര ചന്ദ് കത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |