വാഷിംഗ്ടൺ: കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാൻ ലോസ് ആഞ്ചലസിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കാലിഫോർണിയ സംസ്ഥാനം രംഗത്ത്. ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. തന്റെ അനുമതിയില്ലാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്നും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂസം കൂട്ടിച്ചേർത്തു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ ലോസ് ആഞ്ചലസിൽ റെയ്ഡുകൾ ശക്തമാക്കി. നിരവധി പേർ കുടിയേറ്റ നിയമം ലംഘിച്ചെന്ന പേരിൽ അറസ്റ്റിലായി. ഇതോടെ വെള്ളിയാഴ്ചയാണ് പാരാമൗണ്ട് അടക്കമുള്ള ഭാഗങ്ങളിൽ ലാറ്റിൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിഷേധക്കാർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ഫെഡറൽ കെട്ടിടങ്ങളെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ട്രംപ് സൈന്യത്തെ ഇറക്കിയത്. സംസ്ഥാന ഗവർണർമാരാണ് റിസേർവ് സേനാ വിഭാഗത്തിൽപ്പെട്ട നാഷണൽ ഗാർഡിനെ സാധാരണ വിന്യസിക്കുന്നത്. നിയമപരമായ പ്രത്യേക വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് ട്രംപ് ന്യൂസത്തിന്റെ എതിർപ്പ് മറികടന്ന് നാഷണൽ ഗാർഡിനെ വിന്യസിച്ചത്.
അതേസമയം, ചെറിയ തോതിൽ തുടങ്ങിയ പ്രതിഷേധങ്ങൾ സൈനിക ഇടപെടലിലൂടെ ആളിക്കത്തിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ആരോപണമുണ്ട്. ഞായറാഴ്ചയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ കല്ലേറും കണ്ണീർവാതക പ്രയോഗങ്ങളുമുണ്ടായി. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ കത്തിച്ചു. 10 പേർ അറസ്റ്റിലായി. ഡൗൺടൗൺ ലോസ് ആഞ്ചലസിൽ കൂട്ടംചേരലുകൾ വിലക്കിയ പൊലീസ് പ്രതിഷേധക്കാരോട് മടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെ ഞായറാഴ്ച രാത്രി പൊതുവേ ശാന്തമായിരുന്നു. റെയ്ഡുകൾ അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് വിവിധ സംഘടനകൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |