യുക്രെയിന് തിരിച്ചടി, സമ്മർദ്ദം
വാഷിംഗ്ടൺ: വിട്ടുവീഴ്ചയില്ലെന്ന് റഷ്യ വ്യക്തമാക്കിയതോടെ യുക്രെയിൻ വിഷയത്തിൽ നിലപാട് മാറ്റി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ വെടിനിറുത്തലല്ല, സ്ഥിരമായ സമാധാന കരാറാണ് വേണ്ടതെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആവശ്യത്തെ ട്രംപ് അംഗീകരിച്ചു. വെടിനിറുത്തൽ ശാശ്വതമല്ലെന്നും പറഞ്ഞു.
ഇന്നലെ അലാസ്കയിൽ പുട്ടിനുമായി നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ചർച്ചയ്ക്ക് തൊട്ടുമുമ്പ് വരെ വെടിനിറുത്തൽ വേണമെന്നായിരുന്നു നിലപാട്. ട്രംപിന്റെ മനംമാറ്റം യുക്രെയിനും യൂറോപ്യൻ സഖ്യകക്ഷികൾക്കും പ്രഹരമായി. സമാധാന കരാറിൽ എത്തും മുമ്പ് വെടിനിറുത്തൽ നടപ്പാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം, പുട്ടിനുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് 'പത്തിൽ പത്ത് " മാർക്ക് നൽകിയ ട്രംപ്, കാര്യമായ പുരോഗതിയുണ്ടായെന്ന് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ റഷ്യയുമായി സമാധാന കരാറിലെത്തണം. റഷ്യ വലിയ ശക്തിയാണെന്നും യുക്രെയിൻ അങ്ങനെയല്ലെന്നും ട്രംപ് പറഞ്ഞു. രഹസ്യ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയ്ക്കെതിരായ
തീരുവയിലും യു ടേൺ
പുട്ടിൻ കരാറിലെത്തിയില്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ ഉയർത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഭീഷണി മയപ്പെടുത്തിയ ട്രംപ്,രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്നും ചിലപ്പോൾ തീരുവ ചുമത്തേണ്ടി വരില്ലെന്നും പ്രതികരിച്ചു. ഇന്ത്യയ്ക്ക് ചുമത്തിയ 25% അധിക തീരുവ 27നാണ് പ്രാബല്യത്തിൽ വരിക. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയെന്ന് ഇന്നലെ ഒരു അഭിമുഖത്തിനിടെ ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഇന്ത്യ പ്രതികരിച്ചിട്ടില്ല.
കരാറിന്റെ അടുത്ത്,
ഇനി മോസ്കോയിൽ
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കേണ്ടി വന്നേക്കാമെന്ന് ഒരു അഭിമുഖത്തിൽ ട്രംപ് സൂചിപ്പിച്ചു. 'യുക്രെയിന് വേണ്ട സുരക്ഷാ ഗ്യാരന്റികൾ ചർച്ചയായി. പുട്ടിൻ ഏറെക്കുറേ സമ്മതിച്ചു. തങ്ങൾ ഒരു കരാറിന് അടുത്തെത്തി. യുക്രെയിൻ സമ്മതിക്കണം. ചിലപ്പോൾ അവർ നിരസിച്ചേക്കും"-ട്രംപ് വ്യക്തമാക്കി
അതേസമയം, സംയുക്ത വാർത്താ സമ്മേളനത്തിനിടെ പുട്ടിനുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. 'അടുത്ത തവണ മോസ്കോയിൽ" എന്നായിരുന്നു പുട്ടിന്റെ മറുപടി. താത്പര്യമുണർത്തുന്ന കാര്യമാണെന്ന് ട്രംപ് പറഞ്ഞെങ്കിലും സമ്മതം മൂളിയിട്ടില്ല.
# ത്രികക്ഷി ചർച്ച വേണം:
സെലെൻസ്കി
ട്രംപിന്റെ അടുത്ത ലക്ഷ്യം റഷ്യൻ നിലപാടിനോട് സെലെൻസ്കിയെ അനുനയിപ്പിക്കുകയാണ്
ആദ്യ പടിയായി സെലെൻസ്കിയുമായും നാറ്റോ നേതാക്കളുമായും ട്രംപ് ഫോൺ സംഭാഷണം നടത്തി
റഷ്യ-യുക്രെയിൻ-യു.എസ് ത്രികക്ഷി ചർച്ച വേണമെന്ന് സെലെൻസ്കി. നാളെ വാഷിംഗ്ടണിൽ ട്രംപിനെ കാണും
ത്രികക്ഷി ചർച്ചയ്ക്ക് ട്രംപിനും താത്പര്യം. ഇതിനോട് റഷ്യ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല
#പുട്ടിന് ട്രംപിന്റെ റെഡ് കാർപെറ്റ് സ്വീകരണം
ട്രംപുമൊത്തുള്ള അലാസ്ക ചർച്ച നയതന്ത്ര തലത്തിൽ പുട്ടിൻ കൈവരിച്ച വിജയമായി. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പുട്ടിന്റെയും ട്രംപിന്റെയും വിമാനങ്ങൾ അലാസ്കയിൽ ലാൻഡ് ചെയ്തത്. റെഡ് കാർപെറ്റ് സ്വീകരണത്തിന് ശേഷം അടുത്ത സുഹൃത്തിനെ പോലെ പുട്ടിന് ട്രംപ് ഹസ്തദാനം നൽകി.
പുട്ടിനും ട്രംപും, ട്രംപിന്റെ ഔദ്യോഗിക വാഹനമായ 'ദ ബീസ്റ്റ്" കാഡിലാക് വൺ കാറിലാണ് ചർച്ചാ വേദിയായ ആങ്കറേജ് നഗരത്തിലെ യു.എസിന്റെ എമൻഡോർഫ്-റിച്ചാർഡ്സൺ സൈനിക ബേസിലേക്കെത്തിയത്. അതേ സമയം, ട്രംപിനാകട്ടെ, ചർച്ചയ്ക്ക് ശേഷം നേട്ടമായി അവതരിപ്പിക്കാൻ ഒന്നും ലഭിച്ചതുമില്ല.! പുട്ടിന്റെ വ്യക്തമായ വിജയത്തിന് തുല്യമാണിതെന്ന് വിലയിരുത്തുന്നു.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പേരിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി വാക്കുതർക്കമുണ്ടായതും സെലെൻസ്കി അപമാനിതനായി വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയതും ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |