ന്യൂയോർക്ക്: ജെയിംസ് ബോണ്ട് സിനിമകളിലെ ഐക്കണിക് '007 " ഗൺ ലോഗോയും എണ്ണമറ്റ ക്ലാസിക് സിനിമാ പോസ്റ്ററുകളും ഡിസൈൻ ചെയ്ത അമേരിക്കൻ ഗ്രാഫിക് ഡിസൈനർ ജോ കാരോഫ് (103) ഇനി ഓർമ്മ. ഇക്കഴിഞ്ഞ ഞായറാഴ്ച,104 -ാം ജന്മദിനത്തിന് ഒരു ദിനം ബാക്കി നിൽക്കെ മാൻഹട്ടണിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
വെസ്റ്റ് സൈഡ് സ്റ്റോറി,ഗാന്ധി,എ ഹാർഡ് ഡേയ്സ് നൈറ്റ്,ലാസ്റ്റ് ടാൻഗോ ഇൻ പാരീസ്, എ ഫിസ്റ്റ്‌ഫുൾ ഒഫ് ഡോളേഴ്സ്, ഫോർ എ ഫ്യൂ ഡോളേഴ്സ് മോർ, കാബറേ, മാൻഹട്ടൺ തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ പോസ്റ്ററിൽ കാരോഫിന്റെ സൃഷ്ടികൾ കാണാം. കരിയറിലുടനീളം 300ലേറെ ക്യാമ്പെയ്നുകളിൽ പങ്കാളിയായി.
ഫിലിം പ്രൊഡക്ഷൻ കമ്പനിയായ യുണൈറ്റഡ് ആർട്ടിസ്‌റ്റ്സിലെ എക്സിക്യൂട്ടീവ് ആയിരുന്ന ഡേവിഡ് ചാസ്‌മാനാണ് ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ 'ഡോ. നോ"യുടെ (1962) ലോഗോ തയ്യാറാക്കാൻ കാരോഫിനെ ക്ഷണിച്ചത്. '007 "എന്ന രഹസ്യകോഡിലാണ് (ഡബിൾ ഒ സെവൻ) ബ്രിട്ടീഷ് ചാരനായ ബോണ്ട് അറിയപ്പെടുന്നത്.
രഹസ്യകോഡിനൊപ്പം ബോണ്ടിന്റെ വാൾതർ പി.പി.കെ എന്ന ജർമ്മൻ പിസ്‌റ്റലിന്റെ ബാരലും ട്രിഗറും ചേർത്ത് കാരോഫ് ലോഗോ തയ്യാറാക്കി. ബോണ്ട് അടക്കം പല ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടും അർഹമായ അംഗീകാരമോ പ്രശസ്തിയോ കാരോഫിന് ലഭിച്ചില്ല.
ഗ്രാഫിക്സിനും പോസ്റ്ററുകൾക്കും പുറമേ എ ബ്രിഡ്ജ് ടൂ ഫാർ, ദ ലാസ്റ്റ് റ്റെംപ്‌റ്റേഷൻ ഒഫ് ക്രൈസ്റ്റ് , ഡെത്ത് ഒഫ് എ സെയ്‌ൽസ് മാൻ തുടങ്ങിയ സിനിമകളുടെ ഓപ്പണിംഗ് ടൈറ്റിൽ സീക്വൻസുകളും കാരോഫ് തയ്യാറാക്കി. കാരോഫിന്റെ ഭാര്യ ഫില്ലിസ് ഫെബ്രുവരിയിൽ അന്തരിച്ചു. മക്കൾ: പീറ്റർ, മൈക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |