വാഷിംഗ്ടൺ : ഹോളിവുഡ് നടൻ അർനോൾഡ് ഷ്വാസ്നഗറും പത്രപ്രവർത്തക മരിയ ഷ്രിവറും വിവാഹമോചിതരായി. 1986ൽ വിവാഹിതരായ ഇവർ 2011 മുതൽ പിരിഞ്ഞു ജീവിക്കുകയായിരുന്നു.ഈ ബന്ധത്തിൽ കാതറിൻ, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫർ എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ കസ്റ്റഡിയും വിവാഹ മോചനത്തെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് നടപടി ക്രമങ്ങൾ 10 വർഷത്തോളം നീണ്ടു പോകാൻ കാരണമായതെന്നാണ് വിവരം. ഇവരുടെ നാല് മക്കൾക്കും ഇപ്പോൾ പ്രായപൂർത്തിയിട്ടുണ്ട്. അതിനാൽ കസ്റ്റഡി തർക്കം നിലനിൽക്കുന്നില്ല. സാമ്പത്തിക ഒത്തു തീർപ്പ് തുക എത്രയാണെന്ന് ഇരുവരും പരസ്യപ്പെടുത്തിയിട്ടില്ല. ഷ്രിവർ 2011 ൽ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് വീട്ടുജോലിക്കാരിയിൽ ഒരു മകനുണ്ടെന്ന് അർണോൾഡ് വെളിപ്പെടുത്തിയിരുന്നു. നിരവധി ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവായ ഷ്രിവർ അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ പെങ്ങളുടെ മകളാണ്. 74 കാരനായ അർനോൾഡ് 2003 മുതൽ 2011വരെ കാലിഫോർണിയ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |