മോസ്കോ : റഷ്യയിലെ കോസ്ട്രോമ നഗരത്തിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബാറിലുണ്ടായിരുന്ന 23കാരൻ മദ്യപിച്ച് ഫ്ലെയർ ഗൺ ഉപയോഗിച്ചതാണ് തീപിടിത്തത്തിൽ കലാശിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. ഏകദേശം 5 മണിക്കൂറിലേറെ സമയമെടുത്താണ് തീ പൂർണ്ണമായും കെടുത്തിയത്. അപകടമുണ്ടായപ്പോൾ ബാറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. എന്നാൽ, 250ഓളം പേരെ പുറത്തെത്തിച്ചതായി രക്ഷാപ്രവർത്തകർ പറയുന്നു. 2009ൽ പേം നഗരത്തിലെ ഒരു നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ 159 പേർ മരിച്ചിരുന്നു. മോസ്കോയിൽ നിന്ന് 300 കിലോമീറ്റർ അകലെ വോൾഗ നദിയുടെ തീരത്താണ് കോസ്ട്രോമ നഗരം. മദ്ധ്യകാലഘട്ട വാസ്തുവിദ്യയ്ക്ക് പേര് കേട്ടതാണ് റഷ്യയിലെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നായ കോസ്ട്രോമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |