ന്യൂയോർക്ക് : യു.എസിൽ 53 നായകളുമായി സഞ്ചരിച്ച വിമാനം വിസ്കോൻസിനിലെ ഒരു ഗോൾഫ് കോഴ്സിലേക്ക് ഇടിച്ചിറക്കി. മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ന്യൂഓർലീൻസിൽ നിന്ന് വിസ്കോൻസിനിലെ വോകീഷായിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് വന്ന ഇരട്ട എൻജിൻ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ ചില മരങ്ങളിൽ തട്ടിയ ശേഷമാണ് വിമാനം മഞ്ഞ് മൂടിയ പ്രദേശത്തേക്ക് ഇടിച്ചിറക്കിയത്. വിമാനത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചു. 300 ഗാലണിലേറെ ഇന്ധനം വിമാനത്തിൽ നിന്ന് ചോർന്നു.
വളരെ അപകടകരമായ രീതിയിലാണ് വിമാനം ലാൻഡ് ചെയ്തതെങ്കിലും ഉള്ളിലുണ്ടായിരുന്ന മൂന്ന് പേരും 53 നായകളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |