ബ്രസീലിയ : ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ മുൻ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയ്‌ർ ബൊൽസൊനാരോ അനുകൂലികളുടെ നേതൃത്വത്തിൽ കലാപം. ഏതാനും ദിവസങ്ങൾ മുമ്പ് ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റ ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവയെ സൈന്യത്തിന്റെ ഇടപെടലോടെ പുറത്താക്കണമെന്നും ബൊൽസൊനാരോയെ തിരികെ പ്രസിഡന്റ് പദവിയിലെത്തിക്കണമെന്നുമാണ് കലാപകാരികളുടെ ആവശ്യം.
ആയിരക്കണക്കിന് ബൊൽസൊനാരോ അനുകൂലികൾ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് മന്ദിരം, പ്രസിഡൻഷ്യൽ പാലസ്, സുപ്രീം കോടതി തുടങ്ങിയ സർക്കാർ മന്ദിരങ്ങളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ബ്രസീലിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ദേശീയ പതാകയുമായി കലാപകാരികൾ പാർലമെന്റിലേക്ക് അതിക്രമിച്ചു കയറിയെങ്കിലും എം.പിമാർ ഇല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
പ്രാദേശിക സമയം ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപം മൂന്ന് മണിക്കൂറിന് ശേഷം വൈകിട്ട് 6.30ന് സുരക്ഷാ സേന നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ 1200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
പാർലമെന്റ് മന്ദിരത്തിന്റെ സെനറ്റ് ചേംബറിലേക്ക് അതിക്രമിച്ച് കടന്ന കലാപകാരികൾ വ്യാപക നാശനഷ്ടങ്ങളാണ് വരുത്തിയത്. പ്രസിഡൻഷ്യൽ പാലസിലെയും സുപ്രീം കോടതിയിലെയും ജനലുകളും സുരക്ഷാ കാമറകളും അടിച്ചു തകർത്തു.
നിലവിൽ നഗരത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ പിഴവ് വരുത്തിയ ബ്രസീലിയ ഗവർണറെ സസ്പെൻഡ് ചെയ്തു. ഇയാൾ ബൊൽസൊനാരോയുടെ മുൻ അനുയായി ആണ്. നഗരത്തിലെ ആർമി ആസ്ഥാനത്തിന് മുന്നിലുള്ള കലാപകാരികളുടെ ക്യാമ്പുകൾ നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അതേ സമയം, അക്രമങ്ങൾക്കെതിരെ ബ്രസീലിയയിൽ ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5.30ഓടെ ജനാധിപത്യ സംരക്ഷണ റാലി നടത്താൻ ഭരണപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.
പ്രശ്നത്തിൽ പ്രസിഡന്റ് ലൂല ഡ സിൽവ സംസ്ഥാന ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തും. ജനുവരി 1ന് നടന്ന ലൂലയുടെ സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മുമ്പ് രാജ്യം വിട്ട ബൊൽസൊനാരോ നിലവിൽ യു.എസിലെ ഫ്ലോറിഡയിലാണ്. കലാപത്തിൽ ബൊൽസൊനാരോയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച ലൂല ഫാസിസ്റ്റ് ആക്രമണമെന്ന് കലാപത്തെ വിശേഷിപ്പിച്ചു.
നാശനഷ്ടങ്ങൾ നേരിട്ടെത്തി വിലയിരുത്തിയ അദ്ദേഹം കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പറഞ്ഞു.
എന്നാൽ ആരോപണം നിഷേധിച്ച ബൊൽസൊനാരോ കലാപത്തെ അപലപിച്ചു. അനുയായികൾ ശാന്തരാകണമെന്ന് പദവി ഒഴിയുന്നതിന് മുന്നേ ബൊൽസൊനാരോ ആഹ്വാനം ചെയ്തിരുന്നു.
തോൽവി അംഗീകരിക്കാതെ...
ഒക്ടോബർ 30ന് നടന്ന രണ്ടാം റൗണ്ട് പൊതുതിരഞ്ഞെടുപ്പിലാണ് 2019 മുതൽ അധികാരത്തിൽ തുടർന്ന ബൊൽസൊനാരോയെ പരാജയപ്പെടുത്തി മുൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലൂല അധികാരം തിരിച്ചുപിടിച്ചത്.
ഒക്ടോബർ 2ന് നടന്ന ആദ്യ റൗണ്ടിൽ ഇരുവർക്കും ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ല. രണ്ടാം റൗണ്ടിൽ വർക്കേഴ്സ് പാർട്ടി നേതാവായ ലൂല 50.9 ശതമാനം വോട്ട് നേടിയപ്പോൾ ലിബറൽ പാർട്ടി നേതാവായ ബൊൽസൊനാരോ 48.4 ശതമാനം നേടി.
2003 - 2010 കാലയളവിൽ രണ്ട് തവണ ബ്രസീലിന്റെ പ്രസിഡന്റായിരുന്നു ലൂല. ബൊൽസൊനാരോയുടെ പരാജയം അദ്ദേഹത്തിന്റെ അനുകൂലികൾ അംഗീകരിച്ചില്ല. ബൊൽസൊനാരോയും മൗനം പാലിച്ചു. ബൊൽസൊനാരോ രാജ്യത്തെ വോട്ടിംഗ് മെഷീനുകളെ തുടർച്ചയായി കുറ്റപ്പെടുത്തിയിട്ടുണ്ട്. ബൊൽസൊനാരോയുടെ പരാജയത്തിന് പിന്നാലെ ബ്രസീലിൽ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടായി.
ട്രക്ക് ഡ്രൈവർമാർ ദിവസങ്ങളോളം റോഡുകൾ തടഞ്ഞു. അട്ടിമറിക്ക് പദ്ധതിയിട്ട ചിലർ പൊലീസ് പിടിയിലായി. 2018ൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞ ലൂലയ്ക്ക് മേലുള്ള കേസുകൾ 2021ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
കാപിറ്റൽ ആക്രമണത്തിന്റെ ആവർത്തനം
രണ്ട് വർഷങ്ങൾക്ക് മുമ്പ് യു.എസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ വാഷിംഗ്ടൺ ഡിസിയിലെ കാപിറ്റൽ മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയതിന് സമാനമാണ് ബ്രസീലിലുണ്ടായ സംഭവങ്ങൾ.
ലാറ്റിനമേരിക്കൻ ട്രംപ് എന്നാണ് ബൊൽസൊനാരോ അറിയപ്പെടുന്നത്. യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാനമായ നിലപാടുകൾ സ്വീകരിച്ചു. കൊവിഡിന്റെ തുടക്കത്തിൽ ട്രംപിനെ പോലെ മാസ്കിനോട് മുഖംതിരിച്ചു. കൊവിഡിനെ പനിയെന്ന് വിശേഷിപ്പിച്ചു. ബൈഡന് മുന്നിൽ പരാജയപ്പെട്ട ട്രംപ് രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറ്റപ്പെടുത്തി.
തോൽവി അംഗീകരിക്കാതെ അനുകൂലികൾക്കിടെയിൽ കലാപത്തിന് പ്രേരണ സൃഷ്ടിച്ചു. ഇത് 2021 ജനുവരി 6ലെ കാപിറ്റൽ ആക്രമണത്തിലേക്ക് നയിച്ചു. ഇതേ സാഹചര്യം ബ്രസീലിൽ സൃഷ്ടിക്കാൻ ബൊൽസൊനാരോയും ശ്രമിച്ചിരുന്നു. താൻ അധികാരത്തിലെത്തുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ബൊൽസൊനാരോ പറഞ്ഞത്.
പരാജയപ്പെട്ടതോടെ അത് അംഗീകരിക്കാതെ മൗനം തുടർന്ന അദ്ദേഹം ചില വോട്ടിംഗ് മെഷീനുകൾ തകരാറിലായിരുന്നെന്നും അതിലൂടെ ലഭിച്ച വോട്ടുകൾ അസാധുവാക്കണമെന്നും കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും വിഫലമായി.
ആമസോൺ വനനശീകരണം, കൊവിഡ് നിയന്ത്രണത്തിലെ വീഴ്ച തുടങ്ങി ഒട്ടേറെ വിവാദങ്ങൾ മുൻ ആർമി ഓഫീസർ കൂടിയായ ബൊൽസൊനാരോ നേരിട്ടിരുന്നു.
----------------------------------------------
കലാപത്തിന് പ്രേരിപ്പിച്ചവരുടെ നടപടികളെ ശക്തമായി അപലപിക്കുന്നു. ബ്രസീൽ പ്രസിഡന്റ് ലുലയെ പൂർണമായി പിന്തുണയ്ക്കുന്നു
- ഡിമിട്രി പെസ്കൊവ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ്
ജനാധിപത്യത്തിനും സമാധാനപരമായ അധികാര കൈമാറ്റത്തിനും മേലുള്ള ആക്രമണം. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങൾക്ക് യു.എസിന്റെ പൂർണ പിന്തുണയുണ്ട്
- ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്
---------------------------------------
ആശങ്കയറിയിച്ച് മോദി
ബ്രസീലിൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ അനുയായികൾ നടത്തുന്ന കലാപത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കലാപ വാർത്തകളിൽ അഗാതമായ ഉത്കണ്ഠയുണ്ടെന്നും ജനാധിപത്യ സംവിധാനങ്ങളെ എല്ലാവരും തീർച്ചയായും ബഹുമാനിക്കണമെന്നും ട്വിറ്റ് ചെയ്ത അദ്ദേഹം ബ്രസീൽ സർക്കാരിന് പൂർണ പിന്തുണയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |