ട്രിവാൻഡ്രം റോയൽസിനെ 13 റൺസിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്
26 പന്തുകളിൽ 12 സിക്സടിച്ച് 86 റൺസുമായി സൽമാൻ നിസാർ
സൽമാന്റെ 11 സിക്സുകൾ പിറന്നത് രണ്ടോവറുകളിൽ നിന്നായി
തിരുവനന്തപുരം : ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനായി കളിക്കാൻ പോകുന്നതിന് മുമ്പ് കാര്യവട്ടത്ത് സിക്സർ മഴ പെയ്യിച്ച സൽമാൻ നിസാറിന്റെ മികവിൽ ട്രിവാൻഡ്രം റോയൽസിനെ 13 റൺസിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്. കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ 186/6 എന്ന സ്കോർ ഉയർത്തിയ കാലിക്കറ്റിനെതിരെ 19.3 ഓവറിൽ 173 റൺസിന് ആൾഔട്ടാവുകയായിരുന്നു റോയൽസ്.
18 ഓവറുകൾ പൂർത്തിയാകുമ്പോൾ 115/6 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. 19-ാം ഓവറിൽ ബേസിൽ തമ്പിയുടെ ആദ്യ അഞ്ചുപന്തുകളും സൽമാൻ നിസാർ സിക്സ് പറത്തി. അവസാന പന്തിൽ സൽമാൻ സിംഗിളെടുത്തതോടെ അടുത്ത ഓവറിലും സ്ട്രൈക്ക് ലഭിച്ചു. മാരകഫോമിലായിരുന്ന സൽമാൻ അവസാന ഓവർ എറിയാനെത്തിയ അഭിജിത്ത് പ്രവീണിനെയും നിലം തൊടീച്ചില്ല. തുരുതുരാ സിക്സുകൾ പാഞ്ഞു. ഒരു വൈഡും ഒരു നോബാളും കൂടി അഭിജിത്ത് എറിഞ്ഞതോടെ ആറുസിക്സുകളും പറത്തി 40 റൺസ് ഈ ഓവറിൽ നിന്ന് സൽമാൻ അടിച്ചെടുത്തു. രണ്ടോവറുകളിൽ നിന്നായി 71 റൺസ് കാലിക്കറ്റിന്റെ കീശയിലെത്തി. ഈ ഓവറുകളാണ് കളിയുടെ വിധി മാറ്റിയെഴുതിയത്.
നേരത്തേ ആദ്യ ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണർമാരായ പ്രീതിഷ് പവൻ(7), രോഹൻ കുന്നുമ്മൽ( 11), അഖിൽ സ്കറിയ(6) സച്ചിൻ സുരേഷ്(8) എന്നിവരെ ചെറിയ സ്കോറിൽ നഷ്ടമായതോടെ 76/4 എന്നനിലയിലായിരുന്നു. 50 പന്തുകളിൽ 51 റൺസ് നേടിയ എം.അജിനാസാണ് റൺറേറ്റ് താഴാതെ നോക്കിയത്.17-ാം ഓവറിൽ അജിനാസ് പുറത്തായതോടെയാണ് സൽമാൻ കളത്തിലിറങ്ങിയത്.
മറുപടിക്കിറങ്ങിയ ട്രിവാൻഡ്രത്തിനായി ദീർഘമായ ഇന്നിംഗ്സ് കളിക്കാൻ ആരുമുണ്ടായില്ല. ക്യാപ്ടനും ഓപ്പണറുമായ കൃഷ്ണപ്രസാദ് (18), വിഷ്ണുരാജ് (12), റിയ ബഷീർ(25) ,സഞ്ജീവ് (34), അനന്തകൃഷ്ണൻ (11), അബ്ദുൽ ബാസിത്ത് (22) എന്നിവർ വരിവരിയായി പുറത്തായപ്പോൾ തന്നെ അവർ തോൽവി ഉറപ്പിച്ചിരുന്നു. നിഖിലും (18*) , ബേസിൽ തമ്പിയും (23) അവസാന സമയത്ത് പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
സിക്സർ ചരിതമെഴുതിയ സൽമാൻ
ഒരോവറിലെ മുഴുവൻ പന്തുകളിലും ബാറ്റർ സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽതന്നെ ഇതാദ്യമാണ്.
റോയൽസിനെതിരായ മൽസരത്തിൽ 19-ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും അവസാന ഓവറിലെ എല്ലാ പന്തുകളിലും സൽമാൻ സിക്സർ നേടുകയായിരുന്നു.
വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |