ലണ്ടൻ : വില്പനയിൽ റെക്കാഡ് സൃഷ്ടിച്ച് ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്റെ ആത്മകഥയായ ' സ്പെയർ ". പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പിന്റെ 14 ലക്ഷം കോപ്പികൾ ആദ്യ ദിവസം വിറ്റെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. യു.കെ, യു.എസ്, കാനഡ എന്നിവിടങ്ങളിലെ വില്പനയുടെ കണക്കാണിത്.
പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ചതിൽ ആദ്യ ദിനം ഇത്രയധികം വില്പന നേടുന്ന നോൺ ഫിക്‌ഷൻ വിഭാഗത്തിലെ ആദ്യ പുസ്തകമാണ് സ്പെയർ. ചൊവ്വാഴ്ചയാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വിപണിയിലെത്തിയത്. ലോകമെമ്പാടുമായി 16 ഭാഷകളിലാണ് സ്പെയർ പ്രസിദ്ധീകരിക്കുന്നത്. യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിൽ സ്പെയറിന്റെ ഡിജിറ്റൽ പതിപ്പും ഇറങ്ങി.
ഹാരിയുടെ ശബ്ദത്തിലുള്ള പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് പെൻഗ്വിൻ റാൻഡം ഹൗസ് ഓഡിയോ പുറത്തിറക്കി. യു.എസിൽ ആദ്യ ഘട്ടത്തിൽ സ്പെയറിന്റെ 20 ലക്ഷം കോപ്പികളാണ് അച്ചടിച്ചത്. ഡിമാൻഡ് കൂടിയതിനാൽ കൂടുതൽ കോപ്പികൾ ഇറക്കും.
സ്പെയറിന്റെ സ്പാനിഷ് പതിപ്പ് നേരത്തെ പുറത്തെത്തിയിരുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെയും ആദ്യ ഭാര്യ ഡയാനയുടെയും ഇളയ മകനായ ഹാരി താനും ഭാര്യ മേഗനും രാജകുടുംബത്തിൽ നിന്ന് നേരിട്ട വിവേചനങ്ങൾ, സഹോദരൻ വില്യം രാജകുമാരനുമായുണ്ടായ തർക്കങ്ങൾ, അമ്മ ഡയാനയുടെ മരണം, ചാൾസിന്റെ രണ്ടാം ഭാര്യ കാമിലയുടെ വില്ലത്തി പരിവേഷം തുടങ്ങി നിരവധി സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ ഈ പുസ്തകത്തിൽ നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |