ചാണകം പൊന്നാക്കി വിധു; മാസ വരുമാനം 3.5 ലക്ഷം

Saturday 29 March 2025 12:08 AM IST

കോട്ടയം: ചാണകം വിറ്റ്മാസം മൂന്നര ലക്ഷത്തിലേറെ വരുമാനം നേടുന്ന വീട്ടമ്മ! കഴിഞ്ഞ വർഷത്തെ വരുമാനം 44 ലക്ഷം രൂപ.

കടുത്തുരുത്തി മുട്ടുചിറ മയിലാടുംപാറ അരുക്കുഴുപ്പിൽ വിധു രാജീവിന്റെ ഡയറി ഫാമായ

പറുദീസയിലെ ചാണക ബിസിനസിന്റെ മാത്രം കണക്കാണിത്. പാലും തൈരും നെയ്യും ഗോമൂത്രവും വിൽക്കുന്നുണ്ട്. അന്തേവാസികളായി 50 പശുക്കളും അറുപതിലേറെ ആടുകളും മൂന്നൂറിലേറെ കോഴികളും പോത്തുകളുമുണ്ട്.

ഇന്ത്യൻ ഡയറി അസോസിയേഷന്റെ ദേശീയ അവാർഡ് ജേതാവാണ് നാല്പത്തേഴുകാരിയായ വിധു.

എം.എയും ബി.എഡും കഴിഞ്ഞ് ഭർത്താവ് രാജീവ് മാത്യൂവിനൊപ്പം ഒന്നരപതിറ്റാണ്ടിലേറെ വിദേശത്തായിരുന്നു. നാട്ടിൽ തിരിച്ചെത്തി 2018ൽ ചെറിയ രീതിയിൽ തുടങ്ങിയതാണ്. ഫാമിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞപ്പോൾ മൂന്നരയേക്കർ പറമ്പ് പറുദീസയാക്കി. ടേണോവർ രണ്ട് കോടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് .

15 ലക്ഷത്തിന്റെ

സംസ്‌കരണ യൂണിറ്റ് ചാണകം പൊടിരൂപത്തിലാക്കാനായി 15 ലക്ഷത്തിന്റെ സംസ്‌കരണ യൂണിറ്റുണ്ട്.അത് ഉണക്കിയാണ് വില്പന.

ചാണകം ബയോഗ്യാസ് പ്ളാന്റിലേയ്ക്കും ഉപയോഗിക്കും. ബയോഗ്യാസിൽ നിന്നുള്ള സ്ളറി കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിക്കും.

കിലോ വില 40 വരെ

വിവിധയിനം ചാണകമുണ്ട്. ട്രൈക്കോഡെർമ ചേർത്ത് സംപുഷ്ടീകരിച്ച ചാണകം,​ സ്യൂഡോമോണസുമായി ചേർത്ത​ത്,​ വേപ്പി​ൻ പിണ്ണാക്ക്,​ ചാണകം,​ ഗോമൂത്രം എന്നിവ ചേർത്തത്,​ ചാണകം,​ സ്ളറി,​ ജീവാമൃതം എന്നിവ ചേർത്തത് ,​ജീവാമൃതം ലിക്വിഡ് എന്നിവയാണ് ഇനങ്ങൾ.കിലോയ്ക്ക് 10 മുതൽ 40 രൂപവരെയാണ് വില.

ചാണകം വിറ്റ് 44 ലക്ഷം

ചാണകം വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് 44 ലക്ഷം.

ദിവസം 370 ലിറ്റർ പാൽ,​ മറ്റ് പാൽ വിഭവങ്ങൾ,​ തേൻ,​ മഞ്ഞൾപ്പൊടി,​ മുളകുപൊടി,​ കാർഷികയിനങ്ങൾ എന്നിവയും വിൽക്കുന്നുണ്ട്. അഞ്ചു ജീവനക്കാരും ചാർട്ടേർഡ് അക്കൗണ്ടന്റുമുണ്ട്.

`ചാണകപ്പൊടി ഉടനെ ആമസോണിലും ലഭ്യമാകും. ഫാം ടൂറിസവും മനസിലുണ്ട്.'

-വിധു രാജീവ്