കശുഅണ്ടി അഴിമതി: പ്രോസിക്യൂഷൻ അനുമതിയില്ലെന്ന്

Saturday 29 March 2025 12:22 AM IST

കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് ഹർജി നൽകിയത്. സർക്കാരിന്റെ മറുപടിയെ തുടർന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി തീർപ്പാക്കി. എന്നാൽ, സർക്കാർ തീരുമാനം ചോദ്യംചെയ്യാൻ ഹർജിക്കാരന് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി.

പ്രോസിക്യൂഷൻ അനുമതി നൽകാനാകില്ലെന്ന് നേരത്തെതന്നെ തീരുമാനിച്ചതാണെന്നും ഇക്കാര്യം പുന:പരിശോധിക്കാനാകില്ലെന്നുമാണ് സർക്കാർ അറിയിച്ചത്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വിശദീകരിച്ചു. 2006-2015 കാലഘട്ടത്തിൽ കാഷ്യൂ കോർപ്പറേഷൻ അസംസ്‌കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് ആരോപണം.