ചോദ്യച്ചോർച്ച കേസ്: ഷുഹൈബിന് ജാമ്യം
Saturday 29 March 2025 12:37 AM IST
കൊച്ചി: പത്താംക്ലാസിലെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യങ്ങൾ യുൂട്യൂബ് ചാനലിലൂടെ ചോർത്തിയ കേസിൽ എം.എസ്. സൊല്യൂഷൻസ് ഉടമ കൊടുവള്ളി സ്വദേശി കെ. ഷുഹൈബിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായതടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് കീഴടങ്ങിയ ഷുഹൈബ് മാർച്ച് 6 മുതൽ ജയിലിലാണ്. ജുഡിഷ്യൽ കസ്റ്റഡിയിൽ ഇനിയും തുടരേണ്ടതില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലും ഹർജിക്കാരനെ വിട്ടയയ്ക്കാനാണ് ഉത്തരവ്.